ജയിലിലെ ശമ്പളം വർധിപ്പിച്ചു, എന്നാല്‍ തൊഴിലുറപ്പിന് എത്രയാണ് കൂലിയെന്നാണ് പാംപ്ലാനിയുടെ ചോദ്യം. കൃഷിയൊക്കെ നിർത്തിയിട്ട് ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്നും ജോസഫ് പാംപ്ലാനി പരിഹാസിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ജയിലിലെ ശമ്പളം വർധിപ്പിച്ചു, എന്നാല്‍ തൊഴിലുറപ്പിന് എത്രയാണ് കൂലിയെന്നാണ് പാംപ്ലാനിയുടെ ചോദ്യം. കൃഷിയൊക്കെ നിർത്തിയിട്ട് ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്നും ജോസഫ് പാംപ്ലാനി പരിഹാസിച്ചു. ജയിലിലുള്ള കുറ്റവാളികളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി എന്തുകൊണ്ട് കർഷകരുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയം പറഞ്ഞതാണെന്ന് ആരും വിചാരിക്കരുത് എന്ന് പറഞ്ഞ് കൊണ്ടാണ് ജോസഫ് പാംപ്ലാനി പ്രസംഗം തുടങ്ങിയത്. ശമ്പളം കൊടുക്കാൻ പണം തികയാതത്തിനാൽ സർക്കാർ കടം എടുക്കുന്നു. സർക്കാരിന് ഇപ്പോൾ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് മാത്രമാണ് ഉത്തരവാദിത്വം. ജനസംഖ്യയുടെ 2% പോലും വരാത്ത വിഭാഗത്തെ തീറ്റി പോറ്റുന്നതിന് വേണ്ടിയാണ് സർക്കാർ പരിശ്രമിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഒരു സർക്കാർ ആവശ്യമില്ല. സാധാരണക്കാരന്റെ സങ്കടങ്ങളോട് സംവദിക്കുന്ന സർക്കാരിനെ പ്രസക്തിയുള്ളൂവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. നമ്മുടെ പറമ്പിൽ വളരുന്ന പന്നികൾ ആരുടേതാണ് "നമ്മുടേതാണ്". നമ്മള് ‍കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയെ എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പണ്ട് പാടി പഠിപ്പിച്ചത്. ഞങ്ങളുടെ പറമ്പിൽ വളരും പന്നികളെല്ലാം ഞങ്ങളുടെതാണ് സർക്കാരേ. ഇനി നമ്മുടെ പറമ്പിൽ കാണുന്ന ഒറ്റ പന്നിയെയും എങ്ങോട്ടേക്കും വിടേണ്ടതില്ല. അത്രയെ ഞാൻ പറയുന്നുള്ളൂ ബാക്കി നിങ്ങൾ പൂരിപ്പിച്ചോളൂ എന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.