തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളെ കോടതികളുമായി വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റിമാൻഡ് പ്രതികളെ കോടതിയിൽ കൊണ്ടുപോകാതെ വീഡിയോ കോൺഫറൻസ് വഴി ജഡ്ജിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി മാർച്ച് 31 നുള്ളില്‍ സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതി നിലവില്‍ വന്നതോടെ ആഭ്യന്തര വകുപ്പിന് സാമ്പത്തിക ലാഭവും പൊലീസുകാര്‍ക്ക് ജോലി ഭാരവും കുറയും.

ഒരു റിമാൻഡ് പ്രതിക്കൊപ്പം രണ്ട് പൊലീസുകാര്‍ വീതം. ഇനി മുതല്‍ ഈ കാഴ്ച കേരളത്തിലെ കോടതികളില്‍ അന്യമാകും. പ്രതി ജയിലില്‍ നിന്നാല്‍ മതി. കോടതിയിലുള്ള ജ‍ഡ്ജി വീഡിയോ കോണ്‍ഫറൻസ് വഴി പ്രതിയുമായി സംസാരിക്കും. റിമാൻഡ് കാലാവധി നീട്ടണമെങ്കില്‍ അത് ചെയ്യും. കൊടുംകുറ്റവാളികളെ കോടതിയില്‍ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കാനും ഇതിലൂടെ കഴിയും. പ്രതികള്‍ക്ക് ഒപ്പം പ്രതിദിനം 800 ലധികം പൊലീസുകാരാണ് വിവിധ കോടതികളിലേക്ക് പോകുന്നതെന്നാണ് കണക്ക്. ഇത് ഒഴിവാകുന്നതോടെ മാസം 30 ലക്ഷം രൂപ വരെ ലാഭിക്കാനാകും. വൈകാതെ വിചാരണ ഉള്‍പ്പെടെ വീഡിയോ കോണ്‍ഫറൻസിംഗ് വഴി നടത്താനുള്ള സാധ്യതയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.