എയർക്രാഫ്റ്റ് നിയമങ്ങൾ ഉൾപ്പെടുന്നതിനാൽ കോടതി മാറ്റണമെന്ന് പ്രോസിക്യൂഷൻ.കോടതി മാറ്റണമെന്ന അപേക്ഷയിൽ ഉച്ചക്കു ശേഷം വാദം കേൾക്കും.അതിന് ശേഷം ജാമ്യഹർജിയും കസ്റ്റഡി ഹർജിയും പരിഗണിക്കും 

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലെ കേസ് പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ അപേക്ഷ നൽകി.എയർക്രാഫ്റ്റ് നിയമങ്ങൾ ഉൾപ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.അപേക്ഷയെ പ്രതികളുടെ അഭിഭാഷകൻ എതിർത്തു.കോടതി മാറ്റണമെന്ന അപേക്ഷയിൽ ഉച്ചക്കു ശേഷം വാദം കേൾക്കും.അതിന് ശേഷം ജാമ്യഹർജിയും കസ്റ്റഡി ഹർജിയും പരിഗണിക്കും.

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 27 വരെ റിമാന്‍റില്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജൻ്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.പ്രതികളെ പുറത്തു വിട്ടാൽ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാൻഡ് ചെയ്തത്.

വിമാനത്തിലെ സംഘർഷം: ഇൻഡിഗോ കമ്പനി അന്വേഷണ റിപ്പോർട്ട് ഡിജിസിഎക്ക് കൈമാറി

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.

'വീട്ടിൽ കയറി കൊത്തിക്കീറും', കോഴിക്കോട് സിപിഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം

കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർ ത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. 

മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇടത് അണികളും തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണം നടന്നു.

കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.