കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച സംസ്ഥാന സർക്കാരിന്റെ ക്രിമിനൽ ഗൂഢാലോചനയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വികസനത്തിന് പകരം വിവാദങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ പ്രതിഷേധത്തിന്റെ പേരിൽ നടന്ന സുരക്ഷാലംഘനം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ബി ജെ പി എതിരല്ല. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം വഴക്കുണ്ടാക്കാനും ബഹളമുണ്ടാക്കാനുമാണ് സർക്കാരിന് താൽപര്യമെങ്കിൽ അഞ്ച് വർഷവും ബി ജെ പി പ്രതിഷേധിക്കാൻ തയ്യാറാണ്. എന്നാൽ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളായിരിക്കും. കേന്ദ്രസർക്കാരുമായി നല്ല ബന്ധം നിലനിർത്തി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രപദ്ധതികളും ജനക്ഷേമ പദ്ധതികളും സഹായങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.
വേണ്ടത് വികസനമോ? വിവാദങ്ങളോ
കേരളത്തിന് വികസനമാണോ വേണ്ടത്, അതോ ബഹളവും വിവാദങ്ങളുമാണോ വേണ്ടത് എന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. എന്തും നടക്കും എന്ന ധാരണ കോൺഗ്രസിനുണ്ടെങ്കിൽ അത് നടക്കില്ലെന്ന് വ്യക്തമാക്കുന്നു. കരിങ്കൊടി പ്രതിഷേധം നടത്തുന്നത് ജനാധിപത്യാവകാശമാണ്. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ തകർക്കുന്ന രീതിയിലുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ല. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ പ്രതിഷേധം എല്ലാവരുടെയും അവകാശമാണെന്ന് പറയുന്ന രാഹുൽ ഗാന്ധി, പ്രതിഷേധിക്കുന്ന ബി ജെ പി - യുവമോർച്ച പ്രവർത്തകരെ പോലീസ് മർദ്ദിക്കുന്നതിനെക്കുറിച്ചും നിലപാട് വ്യക്തമാക്കണം. പാർട്ടിയുടെ ജില്ലാ പ്രസിഡൻ മുക്കംപാലമൂട് ബിജുവിനെ കേരള പോലീസ് മർദ്ദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് രാഹുൽ ഗാന്ധി പറയണം. കേരളത്തിൽ ഇതാണ് സാധാരണ നടപടിയെന്ന് കോൺഗ്രസ് കരുതുന്നുവെങ്കിൽ അത് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് ലഭിക്കുന്നത് വികസനമല്ല, അപകട രാഷ്ട്രീയമാണ്. കേന്ദ്രവുമായി ഏറ്റുമുട്ടലുണ്ടാക്കി ജനങ്ങൾക്ക് ലഭിക്കേണ്ട പദ്ധതികളും സഹായങ്ങളും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
