എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും. സർക്കാരിന്റേത് ക്രൂര സമീപനമെന്ന് കർദ്ദിനാൾ ക്ലിമിസ് ബാവ വിമർശിച്ചു. 

തിരുവനന്തപുരം: എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി സംവരണ തർക്കത്തിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും. സർക്കാരിന്റേത് ക്രൂര സമീപനമെന്ന് കർദ്ദിനാൾ ക്ലിമിസ് ബാവ വിമർശിച്ചു. സർക്കാർ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് അധ്യാപക മാനേജ്മെന്റ് സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് കൂറ്റൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രശ്നം രാഷ്ട്രീയ വിഷയമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസ് നേടിയെടുത്ത സുപ്രീംകോടതി വിധി തങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കമെന്നാണ് മറ്റ് മാനേജ്മെന്റുകളുടെ ആവശ്യം. ഭിന്നശേഷി സംവരണം ഒഴിച്ചുള്ള അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടു. സർക്കാരിനോട് ഇടഞ്ഞു. ചർച്ചകൾ നടത്തി. എന്നിട്ടും നടപടിയില്ല, ഉത്തരവില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് കൂറ്റൻ മാർച്ചും ധർണയും സംഘടിപ്പിച്ചത്.

അംഗീകാരം കാത്തുനിൽക്കുന്ന അധ്യാപകർ അതിഥി തൊഴിലാളികൾ അല്ലെന്ന് കർദ്ദിനാൾ ക്ലിമിസ് ബാവ പറഞ്ഞു. അധ്യാപകരെ അനാഥരാക്കരുതെന്നും നീതി ഉറപ്പാക്കിയതിന് ശേഷമേ അധികാര കൈമാറ്റത്തെ പറ്റി ആലോചിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് മതിയായ ഉദ്യോഗാർത്ഥികളെ നൽകേണ്ട കടമ സർക്കാർ നിർവഹിക്കുന്നില്ലെന്നും വിമർശനമുണ്ട്. കെ-ടെറ്റ് നിർബന്ധമാക്കിയത് ഒഴിവാക്കണമെന്നും അധിക തസ്തികകളിലെ നിയമനം അംഗീകരിക്കണമെന്നും എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിനെതിരെ സഭയും എയ്ഡഡ് മാനേജ്മെന്റുകളും സംയുക്തമായി പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. 

YouTube video player