Asianet News MalayalamAsianet News Malayalam

നിലമേലിൽ ​ഗവർണർക്കെതിരെ പ്രതിഷേധം; അറസ്റ്റിലായ 12 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം

അറസ്റ്റിലായ 12 പേർക്കും ജാമ്യം ലഭിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. 

Protest against governor kollam nilamel 12 arrested SFI activists also granted bail sts
Author
First Published Jan 30, 2024, 3:11 PM IST

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യം. ശനിയാഴ്ച അറസ്റ്റിലായ 12 പേർക്കും കോടതി ജാമ്യം അനുവദിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കേസ് പരിഗണിച്ചത്. ഗവർണറെ എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചില്ലെന്നായിരുന്നു  പ്രതിഭാഗത്തിൻ്റെ വാദം. പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ രണ്ട് മണിക്കൂറോളം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. വാഹനത്തെ ആക്രമിച്ചു എന്നതായിരുന്നു പരാതി.  ദൃശ്യങ്ങളിൽ എസ്എഫ്ഐ ക്കാർ കാറിന്റെ അടുത്തേക്ക് എത്തും മുൻപ് തന്നെ ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങിയെന്ന് വ്യക്തമായിരുന്നു

50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ റോഡിലേക്ക് എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തുടർന്നു. സമീപത്തെ കടയിൽ കയറിയ ഗവർണർ തുടർന്നും പൊലീസിനെ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. 12 പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത എഫ്ഐആർ ഉൾപ്പെടെ നൽകിയതിന് ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.  

പിന്നീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഗവര്‍ണറുടെ കാറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. എസ്എഫ്‌ഐ പ്രതിഷേധക്കാരെ കണ്ട് കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ അവരുടെ അടുത്തേക്ക് നീങ്ങുന്നതും പ്രവര്‍ത്തകരെ പൊലീസ് തടയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ ഇടിച്ചുവെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios