''പുരുഷ പൊലീസിന്റെ നിർദ്ദേശമനുസരിച്ച് കാലിലും കയ്യിലും തൂക്കി വലിച്ചിഴച്ചുവെന്ന് ജിജി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്ക് ലഭിച്ചില്ല''
തിരുവനന്തപുരം: കെ റെയിൽ (K Rail)കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് (Police) നടപടി നാടകമെന്ന് മാടപ്പള്ളിയിൽ അറസ്റ്റിലായ ജിജി ഫിലിപ്പ്. പ്രതിഷേധിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ആദ്യമേ ഭീഷണി മുഴക്കിയിരുന്നതായി പൊലീസിന്റെ അതിക്രമത്തിന് ഇരയായ ജിജി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചു. പുരുഷ പൊലീസിന്റെ നിർദ്ദേശമനുസരിച്ച് കാലിലും കയ്യിലും തൂക്കി വലിച്ചിഴച്ചുവെന്ന് ജിജി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്ക് ലഭിച്ചില്ല. കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ്. കുഞ്ഞിനെ മനപ്പൂർവ്വം സമരരംഗത്തേക്ക് എത്തിച്ചതല്ലെന്ന് പറഞ്ഞ ജിജി, പൊലീസ് തന്നെ വലിച്ചിഴച്ചപ്പോഴാണ് കുഞ്ഞ് ഓടിയെത്തിയതെന്നും വിശദീകരിക്കുന്നു.

കെ റെയിൽ പദ്ധതിക്കെതിരായ വലിയ പ്രതിഷേധത്തിനാണ് ഇന്ന് കോട്ടയം മാടപ്പള്ളി സാക്ഷ്യം വഹിച്ചത്. കല്ലിടൽ തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിലേക്ക് എത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയക്കാൻ ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
