മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്‌റ്റർ ചെയ്തു
കാസർകോട്: മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്‌റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. ലീഗ് പ്രവർത്തനായ മുഹമ്മദ് സർഫ്രാസിനാണ് മർദ്ദനമേറ്റത്.
കാഞ്ഞങ്ങാട്ട് 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നീലേശ്വരം സംഘർഷത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിലായി. ചന്തേര പൊലീസ് സ്റ്റേഷനിൽ രണ്ടും നീലേശ്വരം, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ ഓരോന്ന് വീതവും കേസുകളാണ് എടുത്തത്. ഇനിയും പിടികൂടാനുള്ള പ്രതികൾക്കായി അന്വേഷണത്തിലാണ് പൊലീസ്.


