തിരൂര്‍ വെങ്ങാലൂരിലും ചോറ്റാനിക്കരയിലുമാണ് ജനങ്ങളുടെ പ്രതിഷേധം. രണ്ടിടത്തും വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.
മലപ്പുറം: സില്‍വര്‍ലൈന്‍ (Silver Line) സര്‍വ്വേക്കെതിരെ തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്‍റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് പുരോഗമിക്കുകയാണ്. എന്നാല്‍ ഈ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിയുകയാണ്. കല്ലുകള്‍ സ്ഥാപിച്ച ഉടന്‍ തന്നെയാണ് പിഴുതെറിഞ്ഞത്. നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ് ഇവിടെ.

സ്ഥലം ഏറ്റെടുത്താല്‍ എങ്ങോട്ട് പോകും, എത്ര സെന്‍റ് സ്ഥലം ലഭിക്കും തുടങ്ങി പുനരധിവാസത്തെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ പ്രതിഷേധക്കാര്‍ ഇട്ടു. പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് ഇവരെ ബലംപ്രയോഗിച്ച് സ്ഥലത്ത് നിന്നും നീക്കംചെയ്യുകയാണ്.
ചോറ്റാനിക്കര മാമലയിലും സമാനമായ പ്രതിഷേധമാണ് നടക്കുന്നത്. മാമലയില്‍ കഴിഞ്ഞദിവസം സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. സര്‍വ്വേ കല്ലുകള്‍ കനാലില്‍ പ്രതിഷേധക്കാര്‍ ഉപേക്ഷിച്ചു.

