വയനാട്: ആത്മകഥ വന്‍ വിവാദമായ പശ്ചാത്തലത്തില്‍ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധവുമായി എഫ്‍സിസി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന കാരയ്ക്കാമലയിലെ വിശ്വാസികള്‍. നൂറുകണക്കിന് ഇടവകാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ രൂക്ഷവിമർശനങ്ങളുള്ള സിസ്റ്റർ ലൂസി കളപ്പുര എഴുതിയ ആത്മകഥ വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടവകാംഗങ്ങളുടെ പ്രതിഷേധം. നാട്ടുകാർ ചേർന്ന് രൂപീകരിച്ച വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സിസ്റ്റർ ലൂസികളപ്പുര താമസിക്കുന്ന കാരയ്ക്കാമലയിലെ എഫ്‍സിസി മഠത്തിന് സമീപമാണ് പ്രതിഷേധ സംഗമം നടന്നത്. നൂറുകണക്കിന് വിശ്വാസികളും ഒരുവിഭാഗം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. സിസ്റ്റർക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിഷേധത്തില്‍ ഉയർന്നത്. സഭയെ വിമർശിക്കുന്ന നിലപാട് സിസ്റ്റർ ലൂസി കളപ്പുര അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.