വൈപ്പിൻ ബസ്സുകളുടെ നഗരപ്രവേശനം നേടിയെടുക്കുന്നതിനായി വൈപ്പിൻ നിവാസികൾ കഴിഞ്ഞ ഒരു  വർഷമായി നിരന്തര സമരത്തിലാണ്‌.

കൊച്ചി: ഗതാഗതമന്ത്രി ആൻ്റണി രാജുവിന് നേരെ യൂത്ത് കോൺ​ഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം. എറണാകുളം വൈപ്പിനിൽ ​ഗതാ​ഗതമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെയാണ് യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. വൈപ്പിനിൽ നിന്നും ന​ഗരത്തിലേക്ക് നേരിട്ടുള്ള ബസ് സ‍ർവ്വീസുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ വിഷയത്തിൽ മന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപം യുവമോ‍ർച്ച പ്രവ‍ർത്തകരും പ്രതിഷേധിച്ചു. 

വൈപ്പിൻ ബസ്സുകളുടെ നഗരപ്രവേശനം നേടിയെടുക്കുന്നതിനായി വൈപ്പിൻ നിവാസികൾ കഴിഞ്ഞ ഒരു വർഷമായി നിരന്തര സമരത്തിലാണ്‌. വൈപ്പിൻ ബസുകൾക്ക്‌ നഗരര്രവേശം അനുവദിക്കണോ എന്ന കാര്യത്തിൽ നാറ്റ്പാക്‌ ഒരു പഠനം നടത്തി റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. റിപ്പോർട്ട്‌ നഗരപവേശത്തിന്‌ അനുകൂലമാണെന്ന്‌ അറിയുന്നു. മാത്രമല്ല, വൈപ്പിൻ ബസുകൾ നഗരത്തിൽ പ്രവേശിച്ചാൽ, വൈപ്പിനിൽ നിന്നും ദിവസവും നഗരത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന കാറുകളുടെയും ഇരുച്രകവാഹനങ്ങളുടെയും എണ്ണത്തിൽ സാരമായ കുറവുണ്ടാവുമെന്നും, തന്മൂലം നഗരത്തിലെ വാഹനത്തിരക്ക്‌ കുറയാനാണിടയാകുമെന്നും റിപ്പോർട്ട്‌ പറയുന്നു. വൈപ്പിൻകരയിലെ ബസ്സുകൾക്ക് നഗരപ്രവേശം 18 വർഷമായി നടപ്പായിട്ടില്ല.