ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച പൗരത്വ ബില്ലിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പിണറായി പൊലീസ് എടുത്ത കേസിനെതിരെ കോടതിയിൽ പോരാടി വിജയിക്കുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ (CAA Protest) പ്രതിഷേധത്തിനിടെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് അക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ 57 പ്രതികളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണാണ് സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണെന്ന് വിധിച്ചത്. ടി സിദ്ദിഖിന് പുറമെ കോൺഗ്രസ് നേതാക്കളായ കെ പ്രവീൺ കുമാർ, പി എം നിയാസ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിവരും കേസില്‍ പ്രതികളായിരുന്നു.
2019 ഡിസംബർ 21 നായിരുന്നു സംഭവം. പൊതു മുതൽ നശിപ്പിച്ചു, സംഘം ചേർന്ന് അക്രമം നടത്തി തുടങ്ങി പത്ത് വകുപ്പുകളായിരുന്നു പ്രതികൾക്ക് നേരെ ചുമത്തിയിരുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തിൽ വിധി പറയുന്ന ആദ്യ കേസാണിത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച പൗരത്വ ബില്ലിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പിണറായി പൊലീസ് എടുത്ത കേസിനെതിരെ കോടതിയിൽ പോരാടി വിജയിക്കുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
പൗരത്വ ബില്ലിന്റെ പേരിൽ പ്രതിഷേധിച്ചവരുടെ കേസുകൾ പിൻവലിക്കുമെന്ന വെറും വാക്ക് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. അങ്ങനെയൊരു പിൻവലിക്കൽ നടന്നതുമില്ല. അതൊക്കെ വെറും തെരഞ്ഞെടുപ്പ് ഗിമ്മിക് മാത്രമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കേന്ദ്രം ഭരിക്കുന്ന മോദിയുടേയും അമിത് ഷായുടേയും ആഗ്രഹങ്ങൾ നടത്തിക്കൊടുലാണല്ലോ പിണറായി പൊലീസിന്റെ പണി.
പൗരത്വ ബില്ലിൽ ഞങ്ങളുണ്ട് കൂടെ എന്ന് പറയുകയും പ്രതിഷേധിക്കുന്നവരെ അക്രമിക്കുകയും ജയിലിലടക്കുകയുമായിരുന്നു പിണറായി പൊലീസ് ചെയ്തത്. സമരത്തെ ഒറ്റ് കൊടുത്ത ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെ എന്ന് തന്നെ പറയേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.
'വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്തത് അംഗീകരിക്കില്ല', ബസ് ഉടമകൾക്ക് അതൃപ്തി, തുടർതീരുമാനം എന്താകും?
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
നേരത്തെ മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു സംസ്ഥാന സർക്കാർ കൈകൊണ്ടത്. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടത് മുന്നണി കൺവീനർ വ്യക്തമാക്കി. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടത് മുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
