കൊച്ചി: റവന്യു വകുപ്പിലെ അടിസ്ഥാന തസ്തികയായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്  തസ്തികയോട് റവന്യു-വില്ലേജ് സംയോജനം മുതല്‍ കാണിക്കുന്ന കടുത്ത വിവേചനത്തിനെതിരെ പ്രതിഷേധം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്  തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വര്‍ഷങ്ങളായി പ്രമോഷന്‍ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സെക്രട്ടറിയറ്റ് ധര്‍ണ നടത്താന്‍ തീരുമാനം.  

കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ധര്‍ണ നടത്തുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള എല്‍ഡിസി/വിഎ തസ്തികയും വിഎഫ്എ തസ്തികയും ഏകീകരിക്കുക, നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്ന എല്ലാ ക്ലറിക്കല്‍ ജോലികള്‍ക്കും നിയമ പരിരക്ഷ നല്‍കുക, തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് ധര്‍ണ നടത്തുന്നത്.

നിലവില്‍ വിഎഫ്എ തസ്തികയിലുള്ളവര്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളി ഭരണകക്ഷി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന അനധികൃത സ്ഥലംമാറ്റവും ഭീഷണിയുമാണെന്നും കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓര്‍ഗനൈസേന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.