സുൽത്താൻ ബത്തേരി: വയനാട്ടിൽ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം എട്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാന്ധി ജയന്തിദിനമായ ഇന്ന് കൂട്ടഉപവാസമിരുന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങൾ ഇന്നും സമരപന്തലിലേക്ക് ഒഴുകിയെത്തി.
 
റോഡിനു കുറുകെ സമരപന്തലൊരുക്കിയാണ് നൂറുകണക്കിന് പ്രതിഷേധക്കാർ ഉപവാസമിരുന്നത്. വിദ്യാർഥകളും, വിവിധ സംഘടനകളിലുള്ളവരും ഇന്നും പിന്തുണയുമായി സമരപന്തലിലേക്ക് ഒഴുകിയെത്തി. കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ വേദിയിലെത്തി സമരക്കാർക്ക് പിന്തുണയറിയിച്ചു.

ഒക്ടോബർ 14 നു തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതിന് മുന്പ് കേന്ദ്ര സംസ്ഥാന നേതാക്കളെ സമരപന്തലിലെത്തിച്ച് എത്തിച്ചു സമരത്തിന് പിന്തുണ വിപുലമാക്കാനാണ് ശ്രമം.വയനാട് എംപി രാഹുൽ ഗാന്ധി വെള്ളിയാഴ്ച രാവിലെയാണ് സമര പന്തലിൽ എത്തി ഐക്യദാർ‍ഢ്യം പ്രഖ്യാപിക്കുക.