പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് മുൻപ് പൊലീസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാരുടെ പരാതി. കോർപ്പറേഷന്റെ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി.

തിരുവനന്തപുരം: മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് വിരുദ്ധ സമരവേദിയിൽ നിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമം. കോര്‍പറേഷൻറെയും പൊലീസിന്‍റെയും അനുമതി ഇല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ബഹളത്തിനൊടുവില്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങുകയായിരുന്നു. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് കൊടുത്തിരുന്നുവെന്നും സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നും മേയര്‍ വിവി രാജേഷ് പറഞ്ഞു.

സ്റ്റുഡൻസ് ഫോര്‍ കളക്ടീവാണ് മാനവീയം വീഥി ജന്തർമന്തറാക്കി യുവതയുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥി നടൻ പ്രകാശ് രാജിന്‍റെ നേൃത്വത്തില്‍ സമരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പൊലീസിന്‍റെ രംഗപ്രവേശം. അനുമതിയില്ലാതെ സമരം നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റുകള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ ബഹളമായി. ഒടുവില്‍ വൻ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിൻമാറി. മാനവീയം വീഥിയിൽ ഗ്യാനേഷ് വിരുദ്ധ സമരത്തിന് ആവേശം പകര്‍ന്ന് പ്രകാശ് രാജിന്‍റെ ഉദ്ഘാടന പ്രസംഗം. വ്യാഴാഴ്ച വൈകിട്ട് മാത്രമാണ് പ്രകാശ് രാജ് രാജ് പങ്കെടുക്കുമെന്ന ഉറപ്പ് കിട്ടിയതെന്നും സമയക്കുറവ് മൂലമാണ് അനുമതി അപേക്ഷ നേരത്തെ നല്‍കാതിരുതന്നും സംഘാടകര്‍ വിശദീകരിച്ചു. എന്നാല്‍ കത്ത് നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാത്തതിൽ വിശദീകരണം തേടുമെന്നായിരുന്നു മേയറുടെ പ്രതികരണം.

പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയർ

സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രതികരിച്ചു. സംഘാടകർ കോർപറേഷൻ്റെ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിനോട് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതാണ്. പിന്നെ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ പൊലീസിനോട് വ്യക്തത തേടുമെന്നും തുടർനടപടി ഉണ്ടാകുമെന്നും വി വി രാജേഷ് അറിയിച്ചു.

YouTube video player