കെ എസ് യു പ്രവർത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

തൃശ്ശൂർ: കെ എസ് യു പ്രവർത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കോലം കത്തിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കെട്ടിയ റോപ്പ് മുറിച്ചത്. നാല് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി തുടരുകയാണ്. ബാരിക്കേഡ് മറിച്ചിട്ടതിന് ശേഷം റോഡിൽ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് മുളവടി മാറ്റണമെന്ന് കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. 

കഴിഞ്ഞമാസം 19ന് ആയിരുന്നു മുള്ളൂർക്കര റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് എസ്എഫ്ഐ- കെഎസ്‌യു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ നേതാവ് ആദിത്യൻറെ പരാതിയിലാണ് ഗണേഷ് ആറ്റൂർ ഉൾപ്പെടെ നാലുപേരെ പ്രതിചേർത്ത് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ഒളിവിൽ പോയ ഗണേശനേയും മറ്റു രണ്ടുപേരെയും ഇന്നലെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത് മുഖംമൂടി ധരിപ്പിച്ചും കയ്യാമം വച്ചുമായിരുന്നു. അതിനെതിരെ കോൺഗ്രസ് വ്യാപക പ്രതിഷേധം ഉയർത്തുന്നതിനിടയാണ് കഴിഞ്ഞ 20 ദിവസമായി വടക്കാഞ്ചേരി എസ് എച്ച് ഒയും സംഘവും അർദ്ധരാത്രിയിൽ വീട്ടിലെത്തി വേട്ടയാടി എന്ന ആരോപണം ഗണേശന്റെ കുടുംബം ഉന്നയിക്കുന്നത്. എസ് എച്ച് ഒക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു കുടുംബം.