Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് സമവായം: സമരം അവസാനിച്ചു, പൂര്‍ണ്ണമായ തൃപ്തിയില്ലെന്ന് സമരസമിതി

തുറമുഖ നിർമ്മാണം നിർത്തിവെക്കണം എന്നതടക്കമുള്ള തർക്ക വിഷയങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലത്തീൻ സഭ വിട്ടുവീഴ്ച ചെയ്തതാണ് സമരം തീരാൻ കാരണം.

protestors will withdraw strike in vizhinjam
Author
First Published Dec 6, 2022, 7:32 PM IST

തിരുവനന്തപുരം: വൻ വിവാദവും സംഘർഷഭരിതവുമായ വിഴിഞ്ഞം സമരം ഒടുവിൽ ഒത്തുതീർപ്പായി. മുഖ്യമന്ത്രിയും സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 140 ദിവസം പിന്നിട്ട സമരം അവസാനിച്ചത്. തീരശോഷണം മൂലം വീട് നഷ്ടപ്പെടുന്നവർക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണം നിർത്തിവെക്കണം എന്നതടക്കമുള്ള തർക്ക വിഷയങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലത്തീൻ സഭ വിട്ടുവീഴ്ച ചെയ്തതാണ് സമരം തീരാൻ കാരണം.

തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്നും സമരസമിതി പിന്നോട്ട് പോയി. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. പകരം വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച ചെയ്യും. സമരസമിതി തന്നെ സ്വന്തം നിലക്ക് വിദഗ്ധസമിതിയെയും വെക്കും. പുനരധിവാസത്തിലാണ് പ്രധാന സമവായം. വീട് നഷ്ടപ്പെടുന്നവർക്ക് ഒന്നര വ‌ർഷത്തിനുള്ളിൽ പകരം ഫ്ലാറ്റ് നിർമ്മിച്ച് നൽകും. അതുവരെ പ്രതിമാസം വീട്ടുവാടക 5500 രൂപ നൽകും. അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 2500 രൂപ കൂടി നൽകാമെന്ന സർക്കാർ വാഗ്ദാനം സമരസമിതി നിരസിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി വിലയിരുത്തും. കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും.

നിലപാടുകളിൽ ഉറച്ച് നിന്ന സമരസമിതി വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത് പല തരം സമ്മർദ്ദങ്ങൾ കാരണമാണ്. ഫാദ‍ർ തിയോഡേഷ്യസ് മന്ത്രി അബ്ദുറഹ്മാന് എതിരെ നടത്തിയ വിവാദ പരാമർശവും പൊലീസ് സ്റ്റേഷൻ ആക്രമണവും  തിരിച്ചടിയായി. കേന്ദ്ര സേന വന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും സമരസമിതി വിലയിരുത്തി. സംഘർഷത്തിലെടുത്ത കേസുകളും ആശങ്കയുണ്ടാക്കി. അതേസമയം സമവായമുണ്ടായ സാഹചര്യത്തിൽ കേസുകളിൽ പൊലീസിന്‍റെ തുടർനടപടികളുണ്ടാകില്ല.

വിഴിഞ്ഞത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍

1. മത്സ്യത്തൊഴിലാളികള്‍ക്ക് 635 സ്‍ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട്

2. ഓരോ ഫ്ലാറ്റുകളിലും ആവശ്യത്തിന് സ്ഥലവും സൗകര്യവും ഉറപ്പാക്കും

3. ഒന്നരക്കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും

4. രണ്ട് മാസത്തെ വാടക മുന്‍കൂറായി നല്‍കും.

5. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കും

Follow Us:
Download App:
  • android
  • ios