നടപടികൾ അടുത്ത യോഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒന്നും മറയ്ക്കാനില്ലെന്നും എല്ലാ സത്യവും പുറത്തുവരട്ടെയെന്നും പ്രശാന്ത് പറഞ്ഞു. ഒരാളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡില്ല. നടപടികൾ അടുത്ത യോഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. പെൻഷൻ ഉൾപ്പെടെ തടയുന്നത് ആലോചിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കൂടുതൽ പേർക്കെതിരെയുള്ള നടപടി അടുത്ത ബോഡ് യോഗത്തിൽ ആലോചിക്കും. വിരമിച്ച ദിവസത്തെ പെൻഷൻ ഉൾപ്പെടെ തടയുന്നതിൽ ആലോചന വേണം. പതിനാലാം തീയതിയിലെ ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കുന്നത്.
ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവർത്തിയുടെ ധാർമിക ഉത്തരവാദിത്വം ബോർഡിന്റെ ചുമലിലാണ്. അക്കാര്യം നിഷേധിക്കുന്നില്ല. ജീവനക്കാരുടെ രാഷ്ട്രീയം പറയുന്നില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ആരെങ്കിലും എഴുതി കൊടുക്കുന്നത് പറയരുതെന്നും കാര്യങ്ങൾ കുറച്ചുകൂടി പഠിച്ചു പറയണമെന്നും പ്രശാന്ത് വിമര്‍ശിച്ചു. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് പറഞ്ഞ പി എസ് പ്രശാന്ത് ചെമ്പെന്ന പരാമർശം ആദ്യമായി വരുന്നത് അന്നത്തെ എഒ യുടെ ഭാഗത്തു നിന്നാണെന്നും ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ട. അന്വേഷണസംഘം അതൊക്കെ അന്വേഷിക്കും. ഡിജിറ്റലൈസേഷൻ പ്രക്രിയയുമായി മുന്നോട്ട് പോകുന്നു. ബിജെപി പോലും എന്നെ സ്വർണ്ണ കള്ളൻ എന്ന് ആക്ഷേപിച്ചില്ല. പ്രതിപക്ഷ നേതാവ് ദേവസ്വം ബോർഡ് പ്രസിഡണ്ട് അടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞു. അത് കൊണ്ട് ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കാലാകാലങ്ങളിൽ വന്ന എല്ലാ ബോർഡുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബന്ധമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും അതെല്ലാം പിന്നീട് ആണ് അറിയുന്നതെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി.


