ഹൈക്കോടതി വിധിയും ഇതുവരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണ്. കോടതിയുടെ നിലപാട് തന്നെയാണ് സർക്കാറിനുള്ളതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഹൈക്കോടതി വിധിയും ഇതുവരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണ്. കോടതിയുടെ നിലപാട് തന്നെയാണ് സർക്കാറിനും ഉള്ളത്. 2019 മാർച്ചിലും ജൂലൈയിലുമാണ് ശിൽപം അറ്റകുറ്റപ്പണിക്ക് കൊണ്ട് പോയത്. ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ദ്വാരപാലക പീഠം കാണാനില്ലെന്ന് 17 ന് പറഞ്ഞ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. കൊള്ള വെളിച്ചത്ത് കൊണ്ടുവന്നത് സർക്കാരിന് ഏറെ സന്തോഷമുള്ള കാര്യമാണ്. ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികൾ നിയമത്തിൻ്റെ കരങ്ങളിൽപ്പെടുമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളിൽപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് പീഠം നഷ്ടമായെന്ന് പോറ്റി ആരോപണമുന്നയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയും സർക്കാരും രണ്ട് ഭാഗങ്ങളിലല്ല എന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു.


