സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് പറഞ്ഞത്. മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത്. കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അറ്റകുറ്റപ്പണിക്കായി ഇപ്പോൾ കൊണ്ടുപോയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികൾ എന്ന് പറഞ്ഞിട്ടുള്ളത്. അതിൽ താൻ എന്താണ് ചെയ്യേണ്ടത്? ഇക്കാര്യം കോടതി അന്വേഷിക്കട്ടെ. സ്മാർട്ട് ക്രിയേഷൻസുമായുള്ള 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇപ്പോൾ മിണ്ടുന്നില്ല. പറയുന്നതൊക്കെയും വങ്കത്തരമാണ്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വർണ്ണപ്പാളി വിവാദം സുവർണ്ണാവസരമായി പ്രതിപക്ഷം കണ്ടു. എന്തായാലും വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യപെടാൻ പോകുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
തനിക്ക് തന്നത് ചെമ്പ് പാളികളെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ് ചെയ്യാൻ വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. വിവിഐപി എന്നൊരാളെയേം കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദഹം പറഞ്ഞു.



