Asianet News MalayalamAsianet News Malayalam

ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കണം: ഉപരാഷ്ട്രപതി

ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനായി ആയുര്‍വേദമടക്കമുള്ള പരമ്പരാഗത സംവിധാനങ്ങളെ ആധുനിക അലോപ്പതി സമ്പ്രദായവുമായി സമന്വയിപ്പിക്കുകയും യോജിപ്പിക്കുകയും ചെയ്യണം. 

PS Warrier birth anniversary inaugurated by Vice president Venkaiah Naidu
Author
Kottakkal, First Published Sep 24, 2019, 7:32 PM IST

കോട്ടക്കല്‍: ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനായി ആയുര്‍വേദമടക്കമുള്ള പരമ്പരാഗത സംവിധാനങ്ങളെ ആധുനിക അലോപ്പതി സമ്പ്രദായവുമായി സമന്വയിപ്പിക്കുകയും യോജിപ്പിക്കുകയും ചെയ്യണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ആയുര്‍വേദ സമ്പ്രദായത്തിലെ പരമ്പരാഗത അറിവ് ഇപ്പോഴും പൂര്‍ണമായി പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും ഗവേഷണത്തിലൂടെ ആയുര്‍വേദത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ സ്ഥാപകന്‍ പി.എസ് വാര്യരുടെ 150 ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി സഹകരിച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ഗവേഷണം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഔഷധ സസ്യങ്ങള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായിരിക്കണം ആയുര്‍വേദത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യപരിഗണന നല്‍കേണ്ടത്. ആയുര്‍വേദം ആഗോളതലത്തില്‍ അംഗീകാരമുള്ള ആരോഗ്യസംരക്ഷണ ശാസ്ത്രമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വൈദ്യശാസ്ത്ര സമ്പ്രദായം മാത്രമല്ല, തത്ത്വചിന്ത കൂടിയാണ് ആയുര്‍വേദമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിച്ച വിദേശ ഭരണാധികാരികളുടെ നിസ്സഹകരണങ്ങളെയും മറികടന്ന ചരിത്രമാണ് ആയുര്‍വേദത്തിനുള്ളത്. പ്രകൃതിദത്ത ചികിത്സാരീതികളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ചികിത്സാസമ്പ്രദായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടണം. 

പരമ്പരാഗത സംവിധാനങ്ങളുടെ ഉന്നമനത്തിനായി ആയുഷ് മന്ത്രാലയവും ആയുഷ് വകുപ്പും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ആയുര്‍വേദത്തിന്‍റെ നവോത്ഥാനം കൊണ്ടുവന്ന മഹാനായ ദാര്‍ശകനികനായിരുന്നു വൈദ്യരത്നം പി.എസ്. വാര്യരെന്നും പരമ്പരാഗത ശാസ്ത്രത്തില്‍ ആധുനിക വിജ്ഞാനത്തിന്‍റെ തത്വങ്ങളും രീതികളും ഉള്‍പ്പെടുത്തുന്നതില്‍ മിടുക്കുകാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

95 വര്‍ഷം മുമ്പ് അദ്ദേഹം സ്ഥാപിച്ച ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ സാക്ഷ്യമാണ്. മികച്ച ചികിത്സകന്‍, അധ്യാപകന്‍, സംരംഭകന്‍, മനുഷ്യസ്‌നേഹി, അക്ഷര പ്രിയന്‍, കലാസ്നേഹി, ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രതിനിധി തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു പി.എസ് വാരിയറെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം ആരും പഠിക്കേണ്ടതില്ല. മാതൃഭാഷക്ക് പ്രാധാന്യം നല്‍കിയാവണം വിദ്യാഭ്യാസം. പരമാവധി ഭാഷകള്‍ പഠിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാര്യര്‍ സ്വാഗതവും ചീഫ് ഫിസിഷ്യന്‍ ഡോ. പി എം വാര്യര്‍ നന്ദിയും പറഞ്ഞു.

Follow Us:
Download App:
  • android
  • ios