തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരിൽ പിഎസ്‍സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതായി വിജിലൻസ് കണ്ടെത്തൽ. പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പല കേന്ദ്രങ്ങളിലും പഠിപ്പിക്കുന്നതായുള്ള വിവരവും വിജിലൻസിന് കിട്ടി. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും പരിശീലന കേന്ദ്രങ്ങൾക്ക് പിഎസ്‍സിയുമായി ഒരു ബന്ധവും ഇല്ലെന്നും പിഎസ്‍സി ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പിഎസ്‍സി പരിശീലനത്തിന്‍റെ മറവിലെ വൻ തട്ടിപ്പുകളാണ് പുറത്തുവരുന്നത്. പൊതുഭരണവകുപ്പിലെ അസിസ്റ്റൻ്റുമാരായ ഷിബു കെ നായർ, ര‌ഞ്ജൻ രാജ് എന്നിവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്. ഷിബു കെ നായരുടെ ഭാര്യയുടെ പേരിലുള്ള ലക്ഷ്യ എന്ന പരിശീലനകേന്ദ്രവും ര‌ഞ്ജൻ രാജിൻ്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പേരിലുള്ള വീറ്റോ എന്ന സ്ഥാപനവും സെക്രട്ടറിയേറ്റിന് തൊട്ടടുത്താണ്. 2013 മുതൽ അവധിയിലുള്ള ഷിബു ലക്ഷ്യയിൽ ക്ലാസ് എടുക്കുന്നുമുണ്ട്. 

ര‌ഞ്ജൻ രാജ് അവധിയെടുക്കാതെ ക്ലാസ് എടുക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ വീറ്റോയിൽ ഫയർഫോഴ്സിലെ ഒരു ജീവനക്കാരനും പഠിപ്പിക്കുന്നതായും കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഈ സ്ഥാപനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയമുണ്ട്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലൻസ് പരിശോധിക്കും. പിഎസ്‍സി ചോദ്യപേപ്പർ തയ്യാറാക്കുന്നവരുമായി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

ഷിബുവിന്‍റെയും രഞ്ജന്‍റെയും പേര് എടുത്ത് പറഞ്ഞാണ് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ നൽകിയ പരാതി പിഎസ്‍സി പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. കൂടുതൽ പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സർവ്വീസ് ചട്ടമനുസരിച്ച് സർക്കാരിന്‍റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യാനോ സ്ഥാപനം നടത്താനോ പാടില്ല. പിഎസ്‍സി പരീക്ഷക്ക് വരുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ വരെ അറിയാം എന്ന് വരെ പ്രചരിപ്പിച്ചാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്. 

പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ ഉദ്യോഗാർത്ഥികൾ വീഴരുതെന്ന് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ മുന്നറിയിപ്പ് നൽകി. കോച്ചിംഗ് സെന്‍ററിലൂടെ പിഎസ്‍സി നേടിയെടുക്കാമെന്ന് പറയുമ്പോൾ അത് കബളിപ്പിക്കിലാണെന്ന് പിഎസ്‍സി ചെയർമാൻ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നവർ പിഎസ്‍സിയെയും ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗാർത്ഥികളെ സ്വതന്ത്രമായി പരീക്ഷയെഴുതാൻ പോലും സമ്മതിക്കാത്ത രീതിയാണ് ഇതെന്നും, കെഎഎസ് നേടാം, എൽഡിസി നേടാം എന്നീ തരത്തിലുള്ള പരസ്യങ്ങളിൽ വീണ് പോകരുതെന്നും പിഎസ്‍സി ചെയർമാൻ മുന്നറിയിപ്പ് നൽകി.