തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തീരുമാനമായതോടെ വിവിധ വിഷയങ്ങളിലെ പദാവലി വിപുലമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയന്‍സ്, സോഷ്യോളജി, ഫിലോസഫി തുടങ്ങിയ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ക്ക് എസ്‍സിഇആര്‍ടിയാണ് പദാവലി തയ്യാറാക്കിയിരുന്നത്. 

പെട്ടന്ന് തന്നെ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക പദങ്ങള്‍ കണ്ടെത്തണമെന്നാണ് എസ്‍സിഇആര്‍ടിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇസ്ലാമിക് ഹിസ്റ്ററി, ഇലക്ട്രോണിക്സ്, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ജേര്‍ണലിസം, ഹോം സയന്‍സ്, സോഷ്യൽ വര്‍ക്ക്, സൈക്കോളജി വിഷയങ്ങളുടേയും പദാവലി തയ്യാറാക്കുന്നത് എസ്‍സിഇആര്‍ടിയാണ്. 

ബിരുദതലത്തിലുള്ള ജോലികൾ ഉള്‍പ്പെടെ എല്ലാ ഉദ്യോഗങ്ങള്‍ക്കുമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തില്‍കൂടെ നല്‍കുന്നതിലൂടെ സാങ്കേതിക വൈജ്ഞാനികരംഗത്ത് മലയാളം ഭാഷയ്ക്ക് കൂടുതൽ സ്ഥാനം കൈവരുന്നതാണെന്നാണ് നിരീക്ഷണം. സാങ്കേതിക പദങ്ങൾ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങൾ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിയാണ് എസ്‍സിഇആര്‍ടി ലക്ഷ്യമിടുന്നത്.