തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിച്ചതിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുളള തീരുമാനത്തെ ചൊല്ലി പിഎസ്‍സിയില്‍ സര്‍വത്ര ആശയക്കുഴപ്പം. ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെ കുറിച്ച് ആലോചിക്കൂ എന്നുമാണ് പിഎസ്‍സി അധികൃതരുടെ പുതിയ വിശദീകരണം. ഇതിനിടെ ഒരു വര്‍ഷം മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചതിന്‍റെ പേരില്‍ രണ്ട് ഉദ്യോഗാര്‍ഥികളെ വിലക്കിക്കൊണ്ടുളള ഉത്തരവ് പുറത്തുവന്നത് ആശയക്കുഴപ്പത്തിന്‍റെ ആഴം കൂട്ടി.

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം വൈകുന്നതിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പണി കിട്ടിയവര്‍ പരമ്പരയില്‍ ഉദ്യോഗാര്‍ഥികള്‍ സംസാരിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികളെ വിലക്കുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും 25 ന് വാര്‍ത്താക്കുറിപ്പിലൂടെ പിഎസ് സി അറിയിച്ചത്. എന്നാല്‍ സംഭവം വിവാദമായതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണം പിഎസ് സി ചെയര്‍മാനും സെക്രട്ടറിയും നല്‍കുന്നത്. ആഭ്യന്തര വിജിലന്‍സിന്‍റെ അന്വേഷണത്തിനു ശേഷം മാത്രമാകും ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പിഎസ് സി നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടില്‍ നിന്ന് കമ്മിഷന്‍ പിന്നോട്ടു പോകുന്നതെന്നാണ് സൂചന. അടുത്ത കമ്മിഷന്‍ യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായേക്കും. അതേസമയം മാധ്യമങ്ങളിലൂടെ കമ്മിഷനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ എം.ജെ.ഹാരിസ്,തിരുവന്തപുരം സ്വദേശി ഹെവിന്‍ ഡി ദാസ് എന്നിവരെ മൂന്നു വര്‍ഷത്തേക്ക് ഡീ ബാര്‍ ചെയ്യാന്‍ ഇക്കഴിഞ്ഞ 24ാം തീയതി പിഎസ് സി തീരുമാനമെടുത്തിരുന്നു. ഈ നടപടിയും ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഒരു വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്‍റെ പേരിലാണ് രണ്ട് ഉദ്യോഗാര്‍ഥികള്‍ക്കെതിരായ നടപടിയെന്നും പിഎസ് സി അധികൃതര്‍ വിശദീകരിച്ചു. എന്നാൽ നടപടി നേരിട്ട ഉദ്യോഗാർത്ഥികൾ ഏത് റാങ്ക് പട്ടികയിൽ ഉള്ളവരാണെന്നോ, ഇവർ എന്താണ് ചെയ്തതെന്നോ കമ്മീഷൻ വിശദീകരിക്കുന്നില്ല