കോഴിക്കോട്: പിഎസ്‌സി നിയമനനിരോധനനത്തിന്റെ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോള്‍ഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്‌സി ചെയര്‍മാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎസ്‌സിയുടെ യുവജനവിരുദ്ധ നിലപാടിന്റെ ഇരയാണ് തിരുവനന്തപുരത്തെ അനുവെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അഴിമതിയും മനുഷ്യത്വവിരുദ്ധനിലപാടുമായി മുന്നോട്ട് പോവുന്ന പിഎസ്‌സിയുടെ നയത്തിന്റെ രക്തസാക്ഷിയാണ് ഈ യുവാവ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. പിഎസ്‌സിക്കെതിരെ ആര് വന്നാലും നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എതിര്‍ക്കുന്നവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക, വിലക്കുക തുടങ്ങിയ ഫാസിസ്റ്റ് സമീപനമാണ് പിണറായി സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നിയമനനിരോധനത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കരിനിയമം ഉണ്ടാക്കി ഇരുട്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ കാലാവധി നീട്ടാന്‍ പ്രതിപക്ഷകക്ഷികളും യുവാക്കളും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് അനുവിന് ജീവന്‍ നഷ്ടമായത്. കേരളത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളുടേയും പ്രതീകമാണ് അനുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

പത്താംക്ലാസ് പാസാവാത്ത സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിക്കുന്ന സംസ്ഥാനത്താണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച യുവാവിന് ജോലി ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. പിഎസ്‌സി പരീക്ഷ അട്ടിമറിച്ച, ആള്‍മാറാട്ടം നടത്തിയ, ഒഎംആര്‍ കോപ്പിയില്‍ പോലും ക്രമക്കേട് നടത്തിയ ഡിവൈഫ്‌ഐ, എസ്എഫ്‌ഐ ക്രിമനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ്. എല്ലാ ഡിവൈഎഫ്‌ഐ നേതാക്കളുടേയും ഭാര്യമാര്‍ക്ക് അനധികൃതമായ മാര്‍ഗത്തില്‍ ജോലി ലഭിക്കുന്നതിനാല്‍ അവര്‍ക്ക് യുവാക്കളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സമയമില്ല. അനുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു