പ്രണയം എവിടെയാണ് ജനാധിപത്യപരമല്ലാതാകുന്നത്, നമുക്ക് എവിടെയാണ് തെറ്റുന്നത്? മനശാസ്ത്രഞ്ജൻ ബി അരുൺ പറയുന്നതിങ്ങനെ

1976 ഏപ്രിൽ 21ന് കോഴിക്കോട് പന്നിയങ്കരയിൽ സുലേഖ എന്ന വിദ്യാർഥിനിയെ കാമുകൻ നടുറോഡിൽ കുത്തിക്കൊന്നു. പ്രണയം നിരസിച്ചതിന്‍റെ പേരിൽ കാമുകൻ കൊലക്കത്തിയെടുത്ത സംഭവങ്ങളിൽ ആദ്യത്തെ വലിയ വാർത്ത ഇതായിരുന്നു.

സമാന കൊലപാതകങ്ങൾ പിന്നാലെയും ഉണ്ടായി. 2017 ഫെബ്രവരി ഒന്നിന് കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ കാമ്പസിൽ ലക്ഷ്മി എന്ന വിദ്യാർഥിനിയെ കൂട്ടുകാരുടെ മുന്നിലിട്ടാണ് പെട്രോളൊഴിച്ച് കത്തിച്ചത്. മരണം ഉറപ്പാക്കിയ പ്രതി ആദർശും സ്വയം എരിഞ്ഞടങ്ങി.

ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് തിരുവല്ലയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകൽ തടഞ്ഞുനിര്‍ത്തി കുത്തി പരുക്കേല്‍പ്പിച്ചശേഷം പെട്രൊളൊഴിച്ച് തീ കൊളുത്തിയത്. ദിവസങ്ങൾക്ക് ശേഷം തൃശൂരും കത്തികൊണ്ട് കുത്തിയ ശേഷം യുവതിയെ തീകൊളുത്തി. ഇത്തരത്തിൽ അരുംകൊലയിലേക്ക് എത്താനുള്ള സാഹചര്യം എന്താണെന്ന് മനശാസ്ത്രജ്ഞനായ ബി അരുൺ വിശകലനം ചെയ്യുന്നു.

പങ്കാളിയെ കൊല്ലുക എന്ന നിലയിലേക്കെത്തുന്ന പ്രണയങ്ങളുടെ എണ്ണം വളരെയധികം കൂടുന്ന ഈ സമയത്ത് ചിന്തിക്കേണ്ടത് പ്രണയത്തിന്‍റെ ജനാധിപത്യ സ്വഭാവത്തെക്കുറിച്ചാണ്. കുട്ടിക്കാലത്ത് എന്ന പോലെ കൗമാരകാലത്തും മാതാപിതാക്കൾ കുുട്ടികളുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. റോബ‍ർട്ട് സ്റ്റേൺബർഗ് പ്രണയത്തിൽ അടിസ്ഥാമപരമായി മൂന്ന് കാര്യങ്ങളാണ് വേണമെന്ന് പറയുന്നത്. 

ആത്മബന്ധം
ശാരീരിക ആകർഷണം
പ്രതിബദ്ധത
എനിയ്ക്ക് വേണ്ടി ജീവിക്കുന്ന ഞാൻ പങ്കാളിയ്ക്ക് കൂടി വേണ്ടി ജീവിക്കുന്നു എന്ന ജനാധിപത്യ ബോധമാണ് ഇതിൽ ഉണ്ടായി വരേണ്ടത്. അതിന്‍റെ അടിസ്ഥാന തത്വങ്ങൾ കുടുംബത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഓപ്പോസിറ്റ് സെക്സിനോട് തോന്നുന്ന ആക‍ർഷണം സ്വാഭാവികമാണെന്ന തോന്നൽ കുട്ടികൾക്കുണ്ടായാലേ അവ‍ർ അതിനെപ്പറ്റി വീട്ടിൽ സംസാരിക്കുകയുള്ളു. 

ലോകാരോഗ്യ സംഘടനയും യുനിസെഫും മുന്നോട്ട് വയ്ക്കുന്ന ജീവിത നിപുണതാ വിദ്യാഭ്യാസം എന്ന പരിശീലന പരിപാടി മുന്നോട്ട് വയ്ക്കുന്നതും ഇതേ ആശയം തന്നെയാണ്. സംഘ‍ർഷ ഘട്ടങ്ങളിൽ മനസിനെ നിയന്ത്രിച്ച് മുന്നോട്ട് പോകാനുള്ള ശേഷി ഇത് കുട്ടികൾക്ക് നൽകുന്നു. ആശയവിനിമയ ശേഷി മുതൽ അനുതാപം വരെയുള്ള 10 കാര്യങ്ങളാണ് ഇതിൽ പഠിപ്പിക്കുന്നത്, അല്ലെങ്കിൽ പരിശീലിപ്പിക്കുന്നത്. അടിസ്ഥാനപരമായി കുട്ടികൾ പഠിക്കേണ്ടത് പ്രണയത്തിന്‍റെ ജനാധിപത്യ സ്വഭാവത്തെപ്പറ്റിയാണ്. പ്രണയം ആരിലും ഒന്നും അടിച്ചേൽപ്പിക്കുന്ന ഒന്നല്ലെന്ന തിരിച്ചറിവാണ്.