Asianet News MalayalamAsianet News Malayalam

ഉറ്റവരില്ലാതായി ഉള്ളുരുകുന്നവർക്ക് തണലാകാൻ; സാമൂഹ്യ മാനസിക പിന്തുണയുമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ

രണ്ടായിരത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യൽ കൗൺസലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ഗ്രൂപ്പ് കൗൺസലിങ്ങ് സെഷനുകളും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇതിനകം നൽകികഴിഞ്ഞു.

Psychosocial counselors with social psychological support for wayanad landslide survivors
Author
First Published Aug 3, 2024, 5:49 PM IST | Last Updated Aug 3, 2024, 5:49 PM IST

കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്തവർക്കും സാമൂഹ്യ -മാനസിക പിന്തുണ നൽകുകയാണ് ഇവരുടെ ലക്ഷ്യം. 

ദുരന്തമേഖലയിലെ 17 ക്യാമ്പുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസിലിങ്ങ് സെന്ററുകൾ സജീവമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും രാഷ്ട്രീയ് കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെയും കൗൺസിലർമാർ, സ്കൂൾ കൗൺസിലർമാർ, സന്നദ്ധ സംഘടനാ കൗൺസിലർമാർ ഉൾപ്പെടെ നൂറ്റി അൻപതോളം സാമൂഹ്യ മാനസികാരോഗ്യ കൗൺസിലർമാരും സൈക്യാട്രിസ്റ്റുകളുമാണ് രംഗത്തുള്ളത്.

രണ്ടായിരത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യൽ കൗൺസലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ഗ്രൂപ്പ് കൗൺസലിങ്ങ് സെഷനുകളും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇതിനകം നൽകി കഴിഞ്ഞു.

ദുരന്തനിവാരണസെൽ (കൗൺസിലിങ്ങ്) നോഡൽ ഓഫീസറും ജില്ലാ സാമൂഹ്യനീതി ഓഫീസറുമായ കെ.കെ പ്രജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെന്റൽ ഹെൽത്ത്‌ പ്രോഗ്രാം, വനിതാശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, എൽ.എസ്.ജി.ഡി വകുപ്പുകളാണ് കൗൺസിലിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാനസിക സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉള്ളവർക്ക് ടെലിഫോൺ കൗൺസലിങ്ങിനായി 1800-233-1533, 1800-233-5588 ടോൾ ഫ്രീ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios