പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസാണ് രംഗത്ത് വന്നത്. ശാഖാ പ്രമുഖ് ആകേണ്ട ഗവര്‍ണറെ കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷ്ഠിക്കരുതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് പിടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിച്ച സംഭവം വിവാദമാക്കേണ്ടെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാനും മോഹനകൃഷ്ണന്റെ മകനുമായ പിടി അജയ് മോഹന്‍. പിടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങ് രാഷ്ട്രീയ പരിപാടിയല്ല. ട്രസ്റ്റ് നടത്തുന്ന പരിപാടിയിലേക്കാണ് ഗവര്‍ണറെ ക്ഷണിച്ചത്. ഇതൊരു രാഷ്ട്രീയ വേദിയാക്കരുത്. മോഹന കൃഷ്ണന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി ബന്ധമുണ്ടായിരുന്ന ആളാണ്. അദ്ദേഹം സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ സിപിഎം-ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന വിവാദം ഇപ്പോൾ എന്തിനാണെന്നും അജയ് മോഹൻ ചോദിച്ചു.
പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസാണ് രംഗത്ത് വന്നത്. ശാഖാ പ്രമുഖ് ആകേണ്ട ഗവര്‍ണറെ കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷ്ഠിക്കരുതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂര്‍ ഫേസ് ബുക്കില്‍ കുറിച്ചത്. ഗവര്‍ണറെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംഘാടകര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ എംഎല്‍എയായിരുന്ന പിടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റാണ് ഗവര്‍ണറെ ക്ഷണിച്ചത്.
അടുത്ത മാസം പത്തിനാണ് എരമംഗലത്ത് പിടി മോഹനകൃഷ്ണന്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനകനാകുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. പിടി അജയ് മോഹനാണ് ട്രെസ്റ്റിന്റെ ചെയര്‍മാനും മുഖ്യ സംഘാടകനും.
