ഈട്ടിക്കൊള്ള നടത്താൻ വേണ്ടി മാത്രം ഇറക്കിയ ഉത്തരവാണിത്. 240 മുതൽ 250 വ‍ർഷം വരെ വേണം ഒരു ഈട്ടി മരം പൂ‍ർണവളർച്ചയെത്താൻ

കൊച്ചി: വിചിത്രമായ ഉത്തരവിൻ്റെ മറവിൽ ഈട്ടി തടി വെട്ടി മുറിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് വിവാദ ഉത്തരവിലൂടെ ഉണ്ടായതെന്ന് പിടി തോമസ് എംഎൽഎ. മരം വെട്ട് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌

പി.ടി.തോമസിൻ്റെ വാക്കുകൾ - 

ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം മാത്രമാണ് ഈ അന്വേഷണം. റവന്യൂ,വനംവകുപ്പ് മന്ത്രിമാ‍ർ മുഖ്യമന്ത്രിയുടേയോ അദ്ദേഹത്തിൻ്റേയും ഓഫീസിൻ്റെ നിർദേശപ്രകാരമായിരിക്കാം ഈ ഉത്തരവ് ഇട്ടത്. ഈട്ടിക്കൊള്ള നടത്താൻ വേണ്ടി മാത്രം ഇറക്കിയ ഉത്തരവാണിത്. 240 മുതൽ 250 വ‍ർഷം വരെ വേണം ഒരു ഈട്ടി മരം പൂ‍ർണവളർച്ചയെത്താൻ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇതെല്ലാം കർഷകർ വച്ചു പിടിപ്പിച്ചാതണെന്ന് പറയുക. ആദിവാസി ഭൂമിയിൽ പട്ടയം ഇല്ല. അവിടെ കേന്ദ്രവനവാസിനിയമം മാത്രമാണ് ബാധകം. അപ്പോൾ ആദിവാസികൾക്കും മരം വെട്ടാനാവില്ല. വലിയൊരു തട്ടിപ്പാണിത്. 

ഒരിക്കൽ പോലും ഉണ്ടാക്കാത്ത രീതിയിൽ മരം കൊള്ള തടയാൻ ഉദ്യോ​ഗസ്ഥരെ പോലും വിലക്കുന്ന തരത്തിലാണ് ഇതിലെ നടപടികൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കടുംവെട്ടാണിത്. നേരത്തേയും ഇതിനുമുൻപും ക‍ർഷകർ നട്ട മരം മുറിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അപ്പോഴും ചന്ദനം, ഈട്ടി അടക്കമുള്ള മൂന്നോ നാലോ മരങ്ങൾ മുറിക്കാൻ അനുവദിച്ചിട്ടില്ല. ഇതിപ്പോൾ ചന്ദനം മുറിക്കാൻ മാത്രമേ വിലക്കുള്ളൂ. ഈടി തടി മുറിക്കാനായി ഈട്ടിയെ മനപൂർവ്വം ഒഴിവാക്കിയതാണ്. 40 വ‍ർഷം മുൻപോ മറ്റോ കെപി നൂറുദ്ദീൻ വനം മന്ത്രിയായിരുന്ന കാലത്ത് വ്യാപകമായി ഈട്ടി നട്ടിരുന്നു. അന്നു നട്ട ഈട്ടി തട്ടികൾ വെട്ടി കച്ചവടമാക്കാനാണ് ഇപ്പോൾ ശ്രമിച്ചത്.