കൊച്ചി: മുന്‍ ഐ ടി സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നത് അമിതമായ പുത്രീ വാത്സല്യം കൊണ്ടാണെന്ന് പിടി തോമസ് എം എൽ എ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് ഏക ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏക ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രൈസ് വാട്ടർ കൂപ്പർസ് കമ്പനി ഡയറക്ടർ ജയ്ക്ക്‌ ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടന്‍‌റ് ആണെന്ന് പിടി തോമസ് പറഞ്ഞു.

എന്നാൽ ഇയാൾക്ക് പ്രതിഫലം നൽകുന്നതായി മകളുടെ കമ്പനിയുടെ ഓഡിറ്റിൽ ഇല്ല. പകരം പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് സർക്കാർ കരാറുകൾ നൽകുകയാണ് ചെയ്യുന്നത്.  ഇതുവരെ ഏകദേശം 25000  കോടിയുടെ കൺസള്‍ട്ടൻസി കരാറാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ നല്കിയിട്ടുള്ളത്. ഇത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.  

പിഡബ്യുസിക്ക്‌ സെക്രട്ടറിയേറ്റിൽ ഓഫീസ് തുടങ്ങാനുള്ള മുഖ്യമന്ത്രിയുടെ നടപടികൾ പുരോഗമിക്കുമ്പോൾ ആണ് പുതിയസംഭവങ്ങൾ നടക്കുന്നത്. പി ഡബ്ല്യൂ സിയുമായി ഒരു കരാറും ഉണ്ടാക്കാന്‍ പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും പി ഡബ്ല്യൂ സിയുമായി മുഖ്യമന്ത്രി ബന്ധം തുടര്‍ന്നു. ഇതെല്ലാം അമിതമായ പുത്രീവാത്സല്യം മൂലമാണെന്ന് തെളിയുകയാണെന്നും പിടി തോമസ് പറഞ്ഞു.