നിലമ്പൂർ: കേരള -തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നാടുകാണി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇതുവഴിയുള്ള യാത്രക്ക് വിലക്ക് വന്നതോടെ നൂറ്റമ്പത് കിലോമീറ്ററോളം ചുറ്റിക്കറങ്ങി മാത്രമേ ആളുകള്‍ക്ക് മലപ്പുറം ജില്ലയിലെത്താൻ കഴിയുന്നുള്ളൂ.

തമിഴ്നാട്ടിലെ ഊട്ടി,ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട,മൈസുരു എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ മലപ്പുറം ജില്ലയിലേക്ക് വരുന്നത് നാടുകാണി ചുരം വഴിയാണ്. മാത്രവുമല്ല മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഗുണ്ടല്‍പേട്ടയില്‍ നിന്നും പച്ചക്കറി കൊണ്ടുവന്നിരുന്നതും ഇതുവഴിയായിരുന്നു.

ഈ വഴി അടച്ചതോടെ മുത്തങ്ങ ചെക്ക് പോസ്റ്റു വഴിമാത്രമേ മലപ്പുറം ജില്ലയിലേക്ക് കടക്കാനാവൂ എന്ന സ്ഥിതി വന്നു.ഇത് 150 കിലോമീറ്റര്‍ ദൂരം കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നാടുകാണി ചുരം തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയകക്ഷികളും യുവജന സംഘടനകളും രംഗത്തെത്തിയത്. 

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തര്‍ നാടുകാണിയില്‍ ഏകദിന ഉപവാസവും സൈക്കിളില്‍ സങ്കടയാത്രയുമായി മലപ്പുറത്തെത്തി ജില്ലാ കലക്ടര്‍ക്ക് നിവേദനവും നല്‍കി. ചുരം വഴി റോഡ് ഗതാഗതം പുനരാരംഭിക്കണമെന്നാവശ്യപെട്ട് സിപിഎം ജില്ലാ നേതൃത്വവും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ വൈകാതെ നാടുകാണി ചുരം വഴി ഗതാഗതത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് മലപ്പുറത്തുകാര്‍.