പത്തനംതിട്ട: ശക്തമായ മഴ വീണ്ടും തുടരുന്നതിന് പിന്നാലെ ചാലിയാര്‍,പമ്പ തുടങ്ങിയ നദികളുടെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു തുടങ്ങി. രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യത്തിലാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് ആളുകളെ ഒഴിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന ഭൂരിപക്ഷം വൈകുന്നേരത്തോടെ തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട് അല്ലാത്തവരെയാണ് ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. 

രാത്രി വൈകിയും ചാലിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിൽ മാറിത്താമസിക്കാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഉടൻ മാറണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങി. പമ്പയാറിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെയാണ് ആളുകള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങിയത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് റവന്യൂ,പൊലീസ് അധികൃതർ അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
 
കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാർഡ് ,സ്ട്രോക്ക് വാർഡ് ,പാലിയേറ്റീവ് വാർഡുകളിൽ വെള്ളം കയറി. ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും മറ്റും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. കനത്ത മഴയെ തുടര്‍ന്ന് അടപ്പാടിയിലെ പല ഊരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പട്ടിമാളം ഊരിൽ ഗർഭിണി ഉൾപ്പെടെ  7 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.