സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കിത്തന്നെ പ്രവർത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കിത്തന്നെ പ്രവർത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനു വേണ്ടി രൂപീകരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ഏർപ്പെടുത്തിയ ബിസിനസ്സ് പ്ലാനും ധാരണാ പത്രവും ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണമാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും, അതിൽ നിന്നും ലാഭമുണ്ടാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം പൂർണമായി പാലിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാധിക്കണം എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുമേഖലയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിറ്റുവരവ് 5000 കോടി കടന്നു എന്നുള്ളത് ഏറെ അഭിമാനകരമാണ്. കഴിഞ്ഞ വർഷം തയാറാക്കിയ ബിസിനസ്സ് പ്ലാനും ധാരണാ പത്രവും അടിസ്ഥാനമാക്കി മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. തീരുമാനിച്ച തരത്തിലുള്ള പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾ അതെന്തുകൊണ്ട് എന്ന് പരിശോധിക്കണമെന്നും മന്ത്രി.

പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സര സജ്ജമാക്കുക, ലാഭകരമാക്കുക എന്നതാണ് സർക്കാർ നിലപാട്. ഇതിന്റെ ഭാഗമായി നിയമനങ്ങൾക്കുവേണ്ടി റിക്രൂട്ട്മെന്റ് ബോർഡ് കൊണ്ടുവന്നതടക്കം നിരവധി മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അനാവശ്യമായ ഒരിടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അടുത്ത വർഷം 6150 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. കൂടുതൽ പ്രൊഫഷണൽ കാഴ്ചപ്പാടോടെ പ്രവർത്തിക്കാനും ലാഭം ഉറപ്പാക്കാനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനം കാഴചവെച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അഭിനന്ദനപത്രങ്ങൾ മന്ത്രി സമ്മാനിച്ചു.