Asianet News MalayalamAsianet News Malayalam

ഇനി 'കള്ളപ്പണി' നടപ്പില്ല! മന്ത്രിയെത്തി, പിന്നാലെ മൊബൈല്‍ ലാബും; ടാറിന്‍റെ സാംപിളെടുത്ത് ഉടൻ തന്നെ പരിശോധന

ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആദ്യ മന്ത്രിയാണ് എത്തിയത്. പിന്നീട് രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൊബൈൽ പരിശോധനാ ലാബും ഉദ്യോഗസ്ഥരുമെത്തി.

public works department mobile lab starts working btb
Author
First Published Mar 22, 2023, 1:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാനുള്ള മൊബൈൽ ലാബുകൾ പണിതുടങ്ങി.  റോഡുപണി നടക്കുന്ന സ്ഥലങ്ങളിലെത്തിയാണ് പരിശോധനകൾ നടത്തുക.  തിരുവനന്തപുരത്ത് പ്രവർത്തനം നേരിട്ടറിയാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും എത്തിയിരുന്നു. തിരുവനന്തപുരത്ത് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് ടാറിംഗ് പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ് മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധന നടന്നത്.

ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആദ്യ മന്ത്രിയാണ് എത്തിയത്. പിന്നീട് രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൊബൈൽ പരിശോധനാ ലാബും ഉദ്യോഗസ്ഥരുമെത്തി. സാംപിളെടുത്ത് ബസിനുള്ളിലെ ലാബിൽത്തന്നെ പരിശോധിച്ചാൽ ഒന്നര മണിക്കൂറിനകം ഫലം കിട്ടുന്നതാണ് ഈ മൊബൈൽ ലാബ്. പാപ്പനംകോട് നിന്നെടുത്ത് പരിശോധിച്ചത് ടാറിന്‍റെ ഗുണനിലവാരമാണ്. പരാതികളുയർന്നാൽ എത്തി പരിശോധിച്ച് നിർമ്മാണഘട്ടത്തിൽ തന്നെ നിലവാരം ഉറപ്പാക്കമെന്നതാണ് മൊബൈല്‍ ലാബിന്‍റെ ഗുണം.

റോഡിന്‍റെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഭാഗം മുറിച്ചെടുക്കാനും അളവും തൂക്കവും ചേരുവകളും വരെ പരിശോധിക്കാൻ സംവിധാനമുണ്ട്.  മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവർത്തിക്കും. ബിറ്റുമിൻ, സിമന്റ്, മണൽ, മെറ്റൽ തുടങ്ങി നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും കരാറുകാർ കൊണ്ടുവരുന്ന സാമ്പിളുകൾ പരിശോധിക്കാനും തൽസമയം മൊബൈൽ ലാബ് വഴി സാധിക്കും.  

ഇങ്ങനെ ഗുണനിലവാരം മെച്ചപ്പെടുത്തി സർക്കാർ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം.  കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും മൊബൈല്‍ ലാബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 

കനത്ത സുരക്ഷയില്‍ റിപ്പര്‍ ജയാനന്ദൻ എത്തി; മകളുടെ വിവാഹം തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ നടന്നു

Follow Us:
Download App:
  • android
  • ios