നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് അക്കാലത്ത് തന്നെ പലതവണ വിളിപ്പിച്ചിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നുവെന്നും തിരിച്ചു ചോദിച്ചിട്ടില്ലെന്നും ഭര്‍ത്താവ് പ്രതികരിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് അക്കാലത്ത് തന്നെ വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്നും പലതവണ വിളിപ്പിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നുമുള്ള വിധി ന്യായത്തിലെ കോടതി നിരീക്ഷണം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ശ്രീലക്ഷ്മിയെ ചുരുങ്ങിയത് മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് വിശഗമായ മൊഴിയെടുത്തിരുന്നു. ശ്രീലക്ഷ്മിയുടെ ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നു. ഇതുവരെ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല. പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെ ഫോണിൽ പള്‍സര്‍ സുനി വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. അത് എന്താണെന്ന് അറിയാനാണ് ആ രാത്രിയിലും സുനിയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്. ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി പള്‍സര്‍ സുനിയെ പലതവണ വിളിക്കുകയും മേസേജ് അയക്കുകയും ചെയ്തത്. എന്നാൽ, അന്വേഷണത്തിൽ ഒന്നും ഇല്ലാത്തതിനാലാവാം പൊലീസ് ഈ വിവരം കോടതിയിൽ എത്തിക്കാതിരുന്നതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ പ്രോസിക്യൂഷന്‍റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഭാഗത്ത് കോടതി ചൂണ്ടികാണിക്കുന്നുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്വാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാലു പേരെ വെറുതെ വിടുകയും ചെയ്ത വിധി ന്യായത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ശ്രീലക്ഷ്മിയെന്ന സ്ത്രീയെക്കുറിച്ചുള്ള കോടതി പരാമര്‍ശവും ചര്‍ച്ചയാകുന്നത്.
സുനി ആദ്യം നൽകിയ മൊഴി പ്രകാരം ക്വട്ടേഷൻ കൊടുത്ത മാഡം എന്ന ഒരാള്‍ ഉണ്ടോയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമുണ്ടായില്ലെന്നും കോടതി വിധി ന്യായത്തിൽ പറയുന്നുണ്ട്. സ്ത്രീ നൽകിയ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയോട് പറഞ്ഞതെന്നും ഇങ്ങനെയൊരു സ്ത്രീയുണ്ടോയെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് കോടതിയുടെ ചോദ്യം. ദിലീപും പള്‍സര്‍ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, പള്‍സര്‍ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴിയെന്നും ഇത് രണ്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്നുമാണ് കോടതി വിധി ന്യായത്തിൽ പറയുന്നത്. അതീവരഹസ്യമായിട്ടാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ തന്നെ പറയുമ്പോഴാണ് ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.



