തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ സമീപകാലത്ത് ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൾസർ സുനി പരമോന്നത കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ സമീപകാലത്ത് ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയിൽ പറയുന്നു.
കേസിൽ ഒന്നാം പ്രതി പൾസർ സുനി, നാലാം പ്രതി വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. വിജീഷിനും കഴിഞ്ഞ ദിവസം ഹൈക്കോടതിയും ജാമ്യം അനുവദിച്ചു. പൾസർ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തിൽ അത്താണി മുതൽ വിജീഷും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം ലഭിച്ചു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് കത്ത്. 2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. കത്തിൽ ദിലീപും പൾസറും തമ്മിലുള ബന്ധം വ്യക്തമാണ്. താൻ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കുമെന്നായിരുന്നു കത്തിൽ ഉണ്ടായത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ലെന്നും കത്തിലുണ്ട്. കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് നീക്കം.
വധഗൂഢാലോചന കേസ്: ഷാർജ ക്രിക്കറ്റ് അസോ.സിഇഒ ഉൾപ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് നീക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് നീക്കം ചെയ്തു. ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവും ഡിലീറ്റ് ചെയ്തതിൽ ഉൾപ്പെടുന്നുണ്ട്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫും സംശയ നിഴലിലായി.
കോടതി ഉത്തരവ് അനുസരിച്ച് മൊബൈൽ ഫോണുകൾ കോടതിയ്ക്ക് കൈമാറും മുമ്പ് 12 നമ്പറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദിലീപ് നീക്കിയത്. വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ മാറ്റിയതിൽ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതിലുണ്ട്. ദേ പുട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകൾ ഇത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.
