കൊച്ചി: പുനലൂർ - പൊൻകുന്നം റോഡ് നിർമ്മാണ കരാർ ഹൈക്കോടതി റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് പാലാരിവട്ടം പാലത്തിന്‍റെ നിർമ്മാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ആർ‍ഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെ ഒഴിവാക്കി ടെണ്ടറിൽ രണ്ടാമതെത്തിയ കമ്പനിയ്ക്കാണ് കെഎസ്ടിപി നിർമാണ കരാർ നൽകിയത്. ഇങ്ങനെ കരാർ നൽകിയത് ക്രമ വിരുദ്ധമായാണെന്നും ലോക ബാങ്ക് മാർഗ രേഖ പാലിക്കാതെയാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതി ചൂണ്ടികാട്ടിയാണ് കെഎസ്ടിപി, ടെൻഡറിൽ ഒന്നാമതെത്തിയ ആർഡിഎസ് പ്രൊജക്ട‍് ഉൾപ്പെട്ട കൺസോർഷ്യത്തെ പുറത്താക്കിയത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ നടപടി ആരംഭിച്ചതായും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ആർഡിഎസിന് നോട്ടീസ് നൽകി അവരുടെ വാദം കേൾക്കാതെ അയോഗ്യത കൽപ്പിച്ച നടപടി വീഴ്ചയാണെന്നും ഹൈക്കോടതി ഉത്തരവിൽ  വ്യക്തമാക്കി. ആർഡിഎസിന്റെ ഭാഗം കേട്ട ശേഷം അയോഗ്യതയിൽ തീരുമാനം എടുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.

Also Read: പാലാരിവട്ടം പാലത്തിന്‍റെ നിർമാണക്കമ്പനിയായ ആർഡിഎസ് കരിമ്പട്ടികയിൽ