ആലപ്പുഴ: പറവൂരിൽ ദേശീയപാതയ്ക്ക് സമീപത്തെ ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവിനെ കാണാതായ കേസിൽ വഴിത്തിരിവ്. പുന്നപ്ര പറവൂർ സ്വദേശി മനു (27) വിനെയാണ് കാണാതായത്. മനുവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം തല്ലിക്കൊന്ന് കടലിൽ താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

കേസിൽ പുന്നപ്ര സ്വദേശികളായ സൈമൺ, പത്രോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കടപ്പുറത്ത് എത്തിച്ച് തെളിവെടുത്തു. മുൻവൈരാഗ്യമാണ് അക്രമത്തിനു കാരണം. ബാറിൽ മദ്യപിക്കാൻ എത്തിയ മനുവിനെ സംഘം കാത്തിരുന്ന് ആക്രമിച്ച ശേഷം ബൈക്കിൽ കയറ്റി കടപ്പുറത്തു കൊണ്ടുവരികയായിരുന്നു. തുടർന്ന് മർദ്ദിച്ച് അവശനാക്കി കടലിൽ താഴ്ത്തിയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. കാപ്പ കേസിൽ മുൻപ് ജയിലിൽ കഴിഞ്ഞിരുന്ന ആളാണ് മനു. മനുവിനെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. കൊല്ലപ്പെട്ട മനുവും പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.