മുഖ്യമന്ത്രിയുടെ ഓഫീസിന്റ ഇടപെടൽ മൂലമാണ് പരിശോധനക്ക് തീരുമാനം എടുത്തത്. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. 

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പോരായ്മയിൽ പരിശോധനയ്ക്കായി വിദ​ഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റ ഇടപെടൽ മൂലമാണ് പരിശോധനക്ക് തീരുമാനം എടുത്തത്. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. 

പ്ലസ് ടു കെമസ്ട്രി മൂല്യനിർണയത്തിൽ അധ്യാപകരുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുകയായിരുന്നു. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരസൂചികയിൽ ഒരു കുഴപ്പവുമില്ലെന്നും മൂല്യനിർണയ 
ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇന്നും അധ്യാപകർ കെമിസ്ട്രി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ചു. സർക്കാർ നിലപാട് മയപ്പെടുത്തുമ്പോഴും ഇനി ഏത് ഉത്തരസൂചികയെ ആശ്രയിക്കുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ഉത്തരസൂചികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ തുടക്കം മുതൽ മന്ത്രി സ്വീകരിച്ചിരുന്നത് കടുത്ത നിലപാട് ആണ്. അധ്യാപകരാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു സർക്കാർ ആവർത്തിച്ചിരുന്നത്. സ്കീം ഫൈനലേസേഷന്റെ ഭാഗമായി ഉത്തരസൂചിക പുനക്രമീകരിച്ച 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പക്ഷേ അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാരിന്റെ പിന്നോട്ട് പോകൽ. സർക്കാർ കടുംപിടുത്തമിട്ട ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന നിലപാടിലേക്ക് ഉന്നതതലയോഗത്തിന് ശേഷം മന്ത്രി മാറി. അധ്യാപകരുടെ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്നാണ് യോഗത്തിൽ ഉദ്യോഗസ്ഥരും നിലപാടെടുത്തത്. നിലവില ഉത്തരസൂചികയെ ആശ്രയിച്ചാൻ 15 മുതൽ 20 മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമെന്ന പരാതിയായിരുന്നു അധ്യാപകർ ഉന്നയിച്ചത്.

തുടർച്ചയായ മൂന്നാം ദിവസമാണ് അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ നിന്ന് വിട്ടുനിന്നത്. സർക്കാർ നിലപാട് മയപ്പെടുത്തുന്പോഴും ഇനി ഏത് ഉത്തരസൂചികയെ ആശ്രയിക്കുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. വീണ്ടും ചർച്ച നടത്തി, പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കാനാണ് സാധ്യത.