തിരുവനന്തപുരം: സേവാഭാരതി സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ, മുഞ്ചിറം മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ (സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ) വീണ്ടും സമരം തുടങ്ങി. പൂജാവിഗ്രഹങ്ങള്‍ സേവാഭാരതിക്കാർ മോഷ്ടിച്ചെന്ന് സ്വാമി ആരോപിച്ചു. എന്നാൽ സ്വാമിക്ക് പിന്നിൽ ഭൂമി മാഫിയയാണെന്നാണ് സേവാഭാരതി പ്രതിനിധികളുടെ ആരോപണം.

സേവാഭാരതി ബാലസദനം നടത്തുന്ന മഠം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഒരാഴ്ചയായി സമരത്തിലായിരുന്നു. ഇന്നലെ വൈകുന്നേരമാണ്  അദ്ദേഹത്തിന്‍റെ സമരപ്പന്തൽ പൊളിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന സേവാഭാരതി പ്രവർത്തകർക്കെതിരെ പൊലീസ്  കേസ് എടുത്തിരുന്നു. സമരത്തോടൊപ്പം ബാലസദനത്തിന് മുമ്പിൽ സ്വാമിയാർ പൂജയും ചെയ്തിരുന്നു. പൂജ ചെയ്തുവന്ന സാളഗ്രാമങ്ങള്‍ സംഘർഷത്തിനിടെ  സേവാഭാരതിക്കാർ മോഷ്ടിച്ചതിനാൽ പൂജയും മുടങ്ങിയെന്നാണ് സ്വാമിയാർ പറയുന്നത്.

എന്നാല്‍,  പൊലീസിൻറെ സാന്നിധ്യത്തിൽ സ്വാമി ഇന്നലെ തന്നെ പൂജാസാമഗ്രികളും വിഗ്രഹങ്ങളും കൊണ്ടുപോയെന്നാണ് സേവാഭാരതി പ്രവ‍ർത്തകർ പറയുന്നത്. മുഞ്ചിറമഠം സേവാഭാരതി കൈയ്യേറിയതാണെന്ന് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.മഠത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കളക്ടർ നാളെ ഹിയറിംഗ് നടത്താനിരിക്കെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്ഥലത്ത് ഇപ്പോള്‍ വൻപൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്