അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം അപലപനീയമാണെന്നും പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്നും കെ രാധാകൃഷ്ണൻ എംപി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് അടൂരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും എംപി പറഞ്ഞു.
ദില്ലി: അടൂർ ഗോപാലകൃഷ്ണന്‍റെ വാക്കുകൾക്കല്ല, പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്ന് കെ രാധാകൃഷ്ണൻ എംപി. ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ കോൺക്ലേവിൽലുണ്ടായ അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം അപലപനീയമാണെന്നും അദ്ദേഹം നിലപാട് തിരുത്തുമെന്ന് കരുതുന്നുവെന്നും എം പി പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് അടൂരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും കെ രാധാകൃഷ്ണൻ എംപി ദില്ലിയിൽ പറഞ്ഞു.
അതേസമയം, വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെയും അടൂർ ഗോപാലകൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു. തന്‍റെ സംസാരം തടസപ്പെടുത്താൻ അവർക്കെന്ത് അവകാശമെന്ന് അടൂർ ചോദിച്ചു. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അടൂരിന്‍റെ പ്രതികരണം.
പുഷ്പവതിക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്. വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ. ഇത് ചന്തയൊന്നുമല്ല. മന്ത്രി എന്തുകൊണ്ട് തടഞ്ഞില്ല. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് തെറ്റ്. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ. മന്ത്രിക്ക് അറിയില്ല, ഇത് പരിശീലനം നടത്തി ഉണ്ടാവുന്നത് ആണെന്ന്. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അടൂർ പറഞ്ഞു.
ഇതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി എൻ വാസവൻ രംഗത്ത് വന്നു. അടൂരിന്‍റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വിഎൻ വാസവൻ ന്യായീകരിച്ചപ്പോൾ അടൂരിന്‍റെ പരാമർശത്തെ തള്ളിയാണ് മന്ത്രി ബിന്ദുവിന്‍റെ പ്രതികരണം. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു


