ഒരു ഞൊടിയിട കൊണ്ടാണ് എല്ലാം സംഭവിച്ചത്. ആദ്യം വലിയൊരു ശബ്ദമാണ് കേട്ടത്,പിന്നാലെ മലവെള്ളപ്പാച്ചിലെത്തി. ഒരു വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞുതാഴേക്ക് പോയി. മലയിറങ്ങിയെത്തിയ ആ ദുരന്തത്തില്‍ ഇല്ലാതായത് ഒരുപാട് ജീവിതങ്ങളാണ്. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയത് ഇരുപതോളം വീടുകളാണ്. അമ്പലവും പള്ളിയും കടകളുമെല്ലാം മണ്ണിനടിയിലായി. ദുരന്തത്തിന്‍റെ വ്യാപ്തി എത്രയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല. 

"ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തവെള്ളംകുത്തിയൊലിച്ചു വരുന്നുണ്ടാരുന്നു. ആ സമയം കൊണ്ട് എത്ര പേര്‍ രക്ഷപ്പെട്ടു എന്നറിയില്ല.  ഒരുപാട് ആളുകള് മണ്ണിനടിയിലായിപ്പോയി.  കൈക്കുഞ്ഞുങ്ങള്‍ കൈയില്‍ നിന്ന് നഷ്ടപ്പെട്ട ചിലര് അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നു." പുത്തുമലയിലെ ദുരന്തം നേരില്‍ക്കണ്ട സിദ്ധിഖിന്‍റെ വാക്കുകളാണ്. വയനാട് മേപ്പാടി ടൗണില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് പുത്തുമല. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ തേയില എസ്റ്റേറ്റാണിത്. 

തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന പാഡികള്‍ പൂര്‍ണമായും മണ്ണിനടിയിലായി. പാഡികളില്‍ താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ പ്രദേശവാസികളായ പലരും മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ച് നിരവധി ആളുകള്‍ പുത്തുമലയില്‍ തന്നെ തുടര്‍ന്നു. 

"30 വര്‍ഷമായി ഞാനവിടെ താമസിക്കുന്നു.  കുറേയാളുകള് അവിടുന്ന് നേരത്തെ മാറിയിരുന്നു. ഞാനും എന്‍റെ വയ്യാത്ത ഭാര്യയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലേം ഉരുള്‍പൊട്ടിയിരുന്നു. അവിടെ പോയി രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചുവന്നപ്പോഴാ വീണ്ടും ഉരുള്‍പൊട്ടിയത്. വീടിന് മേലേക്ക് മണ്ണും ചളിയും വന്നടിഞ്ഞുവീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ആയി.അടുക്കള വാതിലില്‍ വിടവ് കണ്ട് ഞാന്‍ അതിലൂടെ ഭാര്യയേയും പൊക്കി കയറ്റി പുറത്തിറങ്ങി. പുറത്തു വന്നപ്പോഴാ അടുത്ത വീട്ടിലെ പെങ്കൊച്ച് ചളിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.അവളെ ഞാന്‍  രക്ഷപ്പെടുത്തി. തൊട്ടപ്പുറത്ത് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു അവരേയും രക്ഷിച്ചു.  അപ്പോഴേക്ക് എന്‍റെ വീട് ഒലിച്ചു പോയി." അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട രാജുവിന്‍റെ വാക്കുകളാണ്.

പുത്തുമലയ്ക്ക് സമീപത്തുള്ള പച്ചക്കാട് ഉരുള്‍പൊട്ടിയിരുന്നു. അതോടെ അവിടെയുണ്ടായിരുന്നവരില്‍ പലരും രക്ഷപ്പെട്ട് പുത്തുമലയിലേക്കെത്തി. പച്ചക്കാടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പുത്തുമലയിലേക്ക് മാറിയ ആളുകളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. "അവിടെ സുരക്ഷിതമായിരിക്കും എന്നാണ് അവരെല്ലാം കരുതിയത്. എന്‍റെ വീടിനടുത്തുള്ള മൂന്നോ നാലോ വീട്ടുകാരെ കുറിച്ച് ഒരു വിവരവുമില്ല പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാവരും പുത്തുമലയിലേക്ക് മാറിയതാണ്.  രണ്ട് പാഡി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാഡിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍. മുസ്ലീം പള്ളി അതിനു ചുറ്റുവട്ടത്തെ വീടുകള്‍, പിന്നെ മറ്റൊരു മൂന്ന് വീടുകള്‍ അവിടെയുള്ളവരെയൊന്നും ഇപ്പോള്‍ കാണാനില്ല." ദുരന്തം നേരില്‍ക്കണ്ട മറ്റൊരാള്‍ പറഞ്ഞു. 

പതിറ്റാണ്ടുകളായി ആളുകൾ സുരക്ഷിതമായി ജീവിച്ചിരുന്ന, പ്രകൃതിക്ഷോഭങ്ങളൊന്നും ഉണ്ടാകാത്ത പ്രദേശമായിരുന്നു പുത്തുമല.  ജില്ലാ ഭരണകൂടത്തിന്റെ അപകട സാധ്യതാ പട്ടികയിൽപോലും പുത്തുമല ഉണ്ടായിരുന്നില്ല. അങ്ങനെയൊരു പ്രദേശം നിമിഷനേരം കൊണ്ട് മണ്ണിനടിയിലാണ്ടുപോയി എന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 

ഇതുവരെ എട്ട്പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്ന് കണ്ടെടുത്തത്. വിനോദസഞ്ചാരമേഖല കൂടിയാണ് പുത്തുമല. അതുകൊണ്ടുതന്നെ പുറത്തുനിന്നെത്തിയ സഞ്ചാരികളാരെങ്കിലും അപകടത്തില്‍ പെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. രക്ഷാദൗത്യത്തിന് പ്രതിസന്ധികള്‍ ഏറെയാണ്. നൂറേക്കറോളം സ്ഥലമാണ് നാമാവശേഷമായത്. എത്തിച്ചേരാന്‍ സൗകര്യമില്ലാത്തതും നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. അതിനിടയിലും ആശ്വാസമായി എത്തിയ വാര്‍ത്തയാണ് ദുരന്തം നടന്ന് 24 മണിക്കൂറിന് ശേഷം ഒരാളെ ജീവനോടെ മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്തു എന്നത്. 

രക്ഷപ്പെട്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല. ആരൊക്കെ എവിടെയൊക്കെ ജീവനോടെ ശേഷിക്കുന്നെന്നോ പലരെയും ഇനി കാണാന്‍ കഴിയുമോ എന്നോ ഇവര്‍ക്കറിയില്ല. ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസം ഉണ്ടെങ്കിലും ജീവിതവും സ്വപ്നങ്ങളും നഷ്ടപ്പെട്ടവരാണിവര്‍. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവരില്‍ പലരും മലവെള്ളപ്പാച്ചിലിനൊപ്പം മണ്ണിലേക്ക് പോയെന്ന സത്യത്തെ ഇവര്‍ക്ക് ഉള്‍ക്കൊള്ളാനും കഴിയുന്നില്ല.