വയനാട്: പുത്തുമലയിലെ പ്രളയപുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാതെ പോയ 16 കുടുംബങ്ങൾ സമരം തുടങ്ങുന്നു. കളക്ട്രേറ്റിനു മുന്നിലും, പൂത്തകൊല്ലിയിലെ പുനരധിവാസ കേന്ദ്രത്തിലുമാണ് സമരം നടത്തുക. നവംബർ 2 ന് തുടങ്ങുന്ന സമരത്തിന് മുസ്ലീംലീഗ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിൽ വീട് നഷ്ടമായിട്ടും പുനരധിവാസ പദ്ധതിൽപെടാതെ പോയ 4 കുടുംബങ്ങളും സ്ഥലം നഷ്ടപ്പെട്ട 12 പേരുമാണ് സമരം നടത്തുക. പുനധിവാസ പദ്ധതിക്കായി ഏറ്റെടുത്ത പൂത്തകൊല്ലിയിൽ 57 കുടുംബങ്ങൾക്കാണ് വീട് നിർമ്മിക്കുന്നത്. ശേഷിക്കുന്ന ഭൂമിയിൽ വീടോ സ്ഥലമോ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 

7 ഏക്കർ ഭൂമിയാണ് പുരധിവാസ പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ 40 കുടുംബങ്ങൾ സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് സ്വന്തം നിലക്ക് ഭൂമി വാങ്ങിയിരുന്നു. ഈ രണ്ട് പട്ടികയിലും പെടാത്തവരുടെ കാര്യത്തിൽ ഉദ്യോഗസ്ഥ സ്ഥലത്തിലുള്ള അനാസ്ഥ ഉണ്ടായെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം. അതേസമയം റവന്യൂ സംഘം പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പലരുടെയും സ്ഥലം വാസ യോഗ്യമാണെന്ന കാരണം ചൂട്ടികാട്ടിയായിരുന്നു പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്തായത്. 

പുത്തകൊല്ലിയിൽ സമരം പ്രഖ്യാപിച്ചവർക്ക് നൽകാൻ സ്ഥലമില്ലെന്നാണ് പഞ്ചായത്തിന്‍റെ വാദം. എന്നാൽ പുത്തുമലയിൽ വൈദ്യുതി, റോഡ്, കുടിവെള്ള സൗകര്യങ്ങൾ പുനസ്ഥാപിക്കാത്തതിനാൽ ഇവിടെ താമസയോഗ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.