തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെയെന്ന് ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍. തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസ് ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മറിയം ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികൾക്ക് കൂടി സാക്ഷിയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
