നേരത്തെ മണ്ഡലത്തിൽ ബിജെപി വോട്ടു മറിച്ച അനുഭവമുണ്ട്. അത് ഇത്തവണ ഉണ്ടായില്ലെങ്കിൽ വിജയം എൽഡിഎഫിനാകുമെന്നും വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോട്ടയം : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കുന്നതാകുമെന്ന് മന്ത്രി വിഎൻ വാസവൻ. ബിജെപി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് വിജയിക്കുമെന്നും ഫലം വരുന്നതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന റിസർട്ടാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാകുക. നേരത്തെ മണ്ഡലത്തിൽ ബിജെപി വോട്ടു മറിച്ച അനുഭവമുണ്ട്. അത് ഇത്തവണ ഉണ്ടായില്ലെങ്കിൽ വിജയം എൽഡിഎഫിനാകും. വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചെന്ന കോൺഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങൾ സിപിഎം തള്ളി. വരിയിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാനവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം നേരം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട്, പുറത്തു വന്ന ഓഡിയോ ക്ലിപ്പുമായി എൽഡിഎഫിന് ബന്ധമുണ്ടെന്ന വാദവും വാസവൻ തള്ളി. കോൺഗ്രസുകാരുടെ സംഭാഷണമെങ്ങനെ സിപിഎം ചോർത്തുമെന്ന ചോദ്യമുയര്‍ത്തിയ വാസവൻ, വിഷയത്തിൽ കോൺഗ്രസ് ഒരന്വേഷണം ആവശ്യപ്പെട്ടാൽ ഞങ്ങൾ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്. ബിജെപി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാനാകില്ല. ആ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നു. കൌണ്ടിംഗിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പുതുപ്പളളി ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം; എറണാകുളം കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു
പുതുപ്പളളി തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തെച്ചൊല്ലിയുളള തർക്കത്തിൽ എറണാകുളം കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊതിയക്കര കവലയിൽ ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പുതുപ്പിളളി ഉപതെരഞ്ഞെടുപ്പിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ ഇന്നലെ വാക്കുതർക്കം നടന്നിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.
