സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമുള്ള അവസാന അനുമതി തേടി കുറ്റപത്രം രണ്ട് മാസം മുൻപ് ജില്ലാ കളക്ടേറ്റിലെത്തിയിട്ടും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല

കൊല്ലം: 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസും ജില്ലാ ഭരണകൂടവും കേസ് അട്ടിമറിക്കുന്നു. സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമുള്ള അവസാന അനുമതി തേടി കുറ്റപത്രം രണ്ട് മാസം മുൻപ് ജില്ലാ കളക്ടേറ്റിലെത്തിയിട്ടും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയെ ഒരു മാസം മുൻപ് പാലക്കാട്ടേക്ക് സ്ഥലം മാറ്റി പൊലീസും തുടര്‍ നടപടികള്‍ക്ക് കടിഞ്ഞാണിട്ടു.

2016 ഏപ്രില്‍ പത്തിനാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നത്. മൂന്ന് വര്‍ഷമാകാൻ ഇനി ദിവസങ്ങള്‍ മാത്രം. വലിയ വിവാദമായ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. ആയിരത്തിലധികം തെളിവുകള്‍, സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി പരിശോധനകള്‍, പരിക്കേറ്റവരുടെ അടക്കം 1500 പേരുടെ മൊഴികള്‍, അങ്ങനെ കേസ് അന്വേഷണം നീണ്ട് പോയി.

കഴിഞ്ഞ നവംബര്‍ 28ന് കുറ്റപത്രം തയ്യാറായി. സംസ്ഥാന ഡിജിപി നിയമോപദേശത്തിന് ശേഷം അനുമതിയും നല്‍കി. സ്ഫോടക വസ്തു ഉപയോഗിച്ചതിനാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കൊല്ലം ജില്ലാ കളക്ടര്‍ അനുമതി നല്‍കണം. സ്ഫോടക വസ്തു നിരോധന നിയമം ഏഴാം വകുപ്പ് പ്രകാരമാണിത്. പക്ഷേ, ജനുവരി ഏഴിന് പ്രോസിക്യൂഷൻ കുറ്റപത്രം കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടും ഫയല്‍ ഇത് വരെയും നീങ്ങിയിട്ടില്ല. കുറ്റപത്രം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച മറുപടി.

തുടക്കത്തില്‍ കേസ് അന്വേഷിച്ചിരുന്നത് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എസ്പി ശ്രീധരനായിരുന്നു. അദ്ദേഹം ആറ് മാസം മുൻപ് വിരമിച്ചു. എസ്പി റഷീദ് അന്വേഷണം ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ ചുമതലയും മാറ്റി. ക്രൈബ്രാഞ്ച് എസ്പി, ഇ കെ സാബു തുടരന്വേഷണം നടത്തിയെങ്കിലും പിന്നീട് അദ്ദേഹത്തെ പാലക്കാട് എസ്പിയാക്കി മാറ്റി. കേസ് ഫയല്‍ ഇപ്പോഴും തന്‍റെ പക്കലാണെന്നും ക്രമസമാധാന ചുമതല വഹിക്കുന്ന എസ്പി ആയതിനാല്‍ പുറ്റിങ്ങല്‍ കേസില്‍ ശ്രദ്ധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മരിച്ച 110 പേരുടെ ബന്ധുക്കള്‍ക്ക് നീതിയില്ല കിട്ടുന്നില്ല. പരിക്കേറ്റ 500 ലധികം പേര്‍ക്കും ഇവിടെ നീതിയില്ല. ആര്‍ക്ക് വേണ്ടിയാണ് കുറ്റപത്രം വൈകിപ്പിക്കുന്നതെന്ന് പറയേണ്ടത് ഉദ്യോഗസ്ഥരാണ്.