മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതു സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പി വി അബ്ദുൾ വഹാബ് എം പി. തന്റെ പ്രസം​ഗത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്ക്‌ എതിരായ പരാമർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ, പ്രവർത്തകർക്ക് അത് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരിലെ പോത്തുക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണെന്ന് അബ്ദുൾ വഹാബ് വിശദീകരിച്ചു. നാടിനെ ഞെട്ടിച്ച വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജീവനുകൾ പൊലിഞ്ഞതിന്റെ വേദനയിൽ നിന്നും മോചിതരാവാത്ത കുടുംബങ്ങൾക്ക്‌ അൽപമെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകാനാണ് ശ്രമിച്ചത്‌. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയ്ക്ക്‌ യുഡിഎഫ്‌ സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ ഒരു മടിയുമില്ലെന്നും വഹാബ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രളയകാലത്തു നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേർത്ത്‌ സർക്കാർ നടത്തിയ യോഗത്തിലെ എന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി മനസ്സിലാക്കുന്നു. നാടിനെ ഞെട്ടിച്ച വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജീവനുകൾ പൊലിഞ്ഞതിന്റെ വേദനയിൽ നിന്നും മോചിതരാവാത്ത കുടുംബങ്ങൾക്ക്‌ മുമ്പിൽ അവർക്ക്‌ അൽപമെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകാനാണു ഞാൻ ശ്രമിച്ചത്‌.

സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത്‌ സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക്‌ എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചു. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം വേദിയിലുള്ള സർക്കാർ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തിൽ പതിയാൻ കൂടിയായിരുന്നു.

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പ്രിയപ്പെട്ട കെ പി എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമർശിച്ച വാചകം. അതും ചിലർ വളച്ചൊടിച്ചു. രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ്‌ ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കൾ എന്നെ പഠിപ്പിച്ചതും അതാണ്‌.

കൂടുതല്‍ വായിക്കാം; പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നു; പി വി അബ്ദുൾ വഹാബിനെതിരെ മുസ്ലീം ലീഗ്

ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട്‌ പോവുക എന്നതായിരുന്നു ആ സമയത്ത്‌ ഞാൻ സ്വീകരിച്ച സമീപനം. റീ ബിൽഡ്‌ നിലമ്പൂർ പദ്ധതിയിൽ അവർ എന്നെ ഉൾപ്പെടുത്തിയപ്പോൾ അതു സമ്മതിച്ചതും ഈ നയത്തിന്റെ ഭാഗമായിട്ടാണ്‌. ഒരു ജനപ്രതിനിധി എന്ന നിലയിൽ വികസന കാര്യങ്ങളിൽ നിന്ന് വിട്ട്‌ നിൽക്കാൻ സാധിക്കില്ലല്ലോ.

ആളുകളിൽ ആശ്വാസം നൽകുന്ന തരത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക്‌ പ്രവർത്തകർ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക്‌ യു ഡി എഫ്‌ സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ ഒരു മടിയുമില്ല.

എന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്ക്‌ എതിരായ പരാമർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ, പ്രവർത്തകർക്ക്‌ അതിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദപ്രകടനം നടത്തുകയാണ്‌. എന്റെ സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടർന്നാണ് ഞാൻ എം.എസ്.എഫിൽ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവർത്തകനായി തുടർന്നതിനാൽ എനിക്ക്‌ പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാവും. നിലമ്പൂരിന്റെ വീണ്ടെടുപ്പിനു ഞാൻ എപ്പോഴും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കും എന്നു കൂടി ഉറപ്പ്‌ നൽകുന്നു.

വ്യാഴാഴ്ച നിലമ്പൂരിലെ പോത്തുകല്ലിൽ വച്ച നടന്ന യോ​ഗത്തിൽ നടത്തിയ പ്രസം​ഗത്തിലാണ് പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിൽ പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ പ്രശംസിച്ച് അബ്ദുൾ വഹാബ് എം പി രം​ഗത്തെത്തിയത്. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും ഒരു ഭാഗത്ത് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷററും രാജ്യസഭാംഗവുമായ പി വി അബ്ദുള്‍ വഹാബ് പിണറായി വിജയനും മന്ത്രി കെ ടി ജലീലിനേയും അഭിനന്ദിച്ച് സംസാരിച്ചത് യാദൃശ്ചികമല്ലെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ വിലയിരുത്തിയിരുന്നു. ധനസഹായം നാല് ലക്ഷം പോര പത്ത് ലക്ഷമാക്കണമെന്ന ആവശ്യം ഉന്നയിച്ചെന്ന പേരിൽ ഇടതു നേതാക്കളായ മന്ത്രി കെ ടി ജലീല്‍, പി വി അൻവര്‍ എംഎൽഎ എന്നിവര്‍ പങ്കെടുത്ത വേദിയില്‍ വച്ച് വഹാബ് പരസ്യമായി അപമാനിച്ച് സംസാരിച്ചെന്ന് കാണിച്ച് കെപിഎ മജീദ് പാണക്കാട് തങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്.