Asianet News MalayalamAsianet News Malayalam

പി വി അന്‍വറിന്‍റെ തടയണ ഇന്ന് പൊളിക്കും; നടപടി ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന്

ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുക. 

pv anvar s check dam will be demolished today
Author
Malappuram, First Published Jun 21, 2019, 8:25 AM IST

മലപ്പുറം:  പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണ ഇന്ന് പൊളിച്ച് നീക്കും. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുക. 

നേരത്തെ തടയണ പൊളിച്ചുനീക്കാൻ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. 
മുൻ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ തുടർന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ കർശന നിർദേശം നൽകിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാരിനോട് തടയണ പൊളിച്ചുനീക്കാൻ കോടതി ആവശ്യപ്പെട്ടത്. ഇതോടെ തടയണ പൂർണമായും പൊളിച്ചുനീക്കാനാണു തീരുമാനം.

കക്കാടംപൊയിലില്‍ അൻവറിന്‍റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വേനല്‍കാലത്ത് വെള്ളമെത്തിക്കാൻകൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ തടയണ. ചീങ്കണ്ണിപ്പാലിയിലെ ബോട്ടിംഗ് കേന്ദ്രത്തിലേക്കും വെള്ളം ഉപയോഗിച്ചിരുന്നു. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു പി വി. അൻവര്‍ തടയണ നിര്‍മ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ 2015ല്‍ അന്നത്തെ മലപ്പുറം കളക്ടര്‍ ടി ഭാസ്കരൻ തടയണ പൊളിക്കാൻ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് അൻവര്‍ മാറ്റിയത്. 

Follow Us:
Download App:
  • android
  • ios