'അൻവറിൻ്റെ പരാതി ഗൗരവമുള്ളത്'; അന്വേഷിക്കാൻ സിപിഎമ്മിൽ ആലോചന; നാളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതിയാണ് ഗൗരവതരമായി അന്വേഷിക്കാൻ ആലോചിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി അന്വേഷിക്കാൻ പാർട്ടി നേതൃതലത്തിൽ ആലോചന. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കും.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവർ പ്രതികരിച്ചത്. എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.