Asianet News MalayalamAsianet News Malayalam

പരസ്പരം വെല്ലുവിളി; ആരോപണവുമായി ബല്‍റാം, ചലഞ്ച് വച്ച് അന്‍വര്‍; ഫേസ്ബുക്കില്‍ കമന്‍റ് യുദ്ധം

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ കമന്‍റ് യുദ്ധം. 

Pv anwar mla vt balram mla facebook comment fight
Author
Kerala, First Published May 2, 2019, 5:27 PM IST

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ കമന്‍റ് യുദ്ധം. തന്‍റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീട് പുനര്‍നിര്‍മിച്ച് നല്‍കിയ സന്തോഷം പങ്കുവച്ചതിനൊപ്പം തൃത്താല മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് വീടില്ലാത്ത വാര്‍ത്തയും ചേര്‍ത്ത് പിവി അന്‍വറിട്ട കുറിപ്പാണ് കമന്‍റ് യുദ്ധത്തിന് തുടക്കം കുറിച്ചത്.

'ഫേസ്‌ബുക്കിൽ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പലർക്കും സമയമില്ല.അയൽവക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങൾ തിരക്കി ട്രോളാക്കി,ലൈക്കുകൾ വാരി കൂട്ടുന്നതിനിടയിൽ,സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാൻ ഇത്തരക്കാർ കൂട്ടാക്കണം.തൊഴിലാളി ആയാലും മുതലാളി ആയാലും,ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക്‌ വേണ്ടി അവരിൽ ഒരാളായി,അവർക്കൊപ്പം നിലയുറപ്പുക്കാൻ എനിക്ക്‌ നന്നായി അറിയാം.' എന്ന കുറിപ്പിലെ ഭാഗമാണ് ബല്‍റാമിനെ പ്രകോപിപ്പിച്ചത്.

ഇതിന് മറുപടിയായി വിടി ബല്‍റാം കമന്‍റ് ബോക്സിലെത്തി.

മറുപട ഇങ്ങനെ...

എന്താണെന്ന് ഇവിടെ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്. എനിക്കെതിരെ പോസ്റ്റിട്ടാൽ സൈബർ സഖാക്കൾ വീണ്ടും എടുത്ത് തലയിൽ വക്കുമെന്ന് പ്രതീക്ഷിച്ചിട്ടാണെങ്കിൽ നടക്കട്ടെ, വിരോധമില്ല

നിലമ്പൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീട് തകർന്ന ഒരാളുടെ വീട് താങ്കൾ സന്ദർശിച്ചു. നല്ല കാര്യം. പക്ഷേ, അതിലെന്താണിത്ര പുതുമ? തൃത്താല മണ്ഡലത്തിൽ പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ എല്ലാ വീടുകളും ഒരെണ്ണം പോലും ഒഴിവാക്കാതെ ഞാനും നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. 

എല്ലാ ജനപ്രതിനിധികളും അങ്ങനെയൊക്കെത്തന്നെയാണ് ചെയ്തിട്ടുള്ളത്. അബൂബക്കറിന് സർക്കാർ സഹായത്തോടെ വീട് പുനർനിർമ്മിക്കാൻ കഴിഞ്ഞു. ഇവിടെയും പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം അതേ രീതിയിൽത്തന്നെയാണ് മുന്നോട്ടുപോകുന്നത്. ഇതിൽ സ്ഥലം എംഎൽഎക്ക് എന്ത് റോളാണുള്ളത്? 

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് എംഎൽഎ അല്ല. അബൂബക്കർ നിങ്ങളെ നേരിൽ വന്ന് കാണുന്നതും കാണാതിരിക്കുന്നതും ഇക്കാര്യത്തിൽ പ്രസക്തമേയല്ല. പഞ്ചായത്തുകളും റവന്യൂ ഉദ്യോഗസ്ഥരുമാണ് അർഹരായ ആളുകളുടെ ലിസ്റ്റുണ്ടാക്കുന്നത്. അർഹതപ്പെട്ടിട്ടും ഒഴിവാക്കപ്പെടുന്നവരുടെ കാര്യത്തിലാണ് എംഎൽഎമാർക്ക് എന്തെങ്കിലും ഇടപെടൽ നടത്താൻ സാധിക്കുക. തൃത്താലയിൽ അർഹതപ്പെട്ടവരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വേണ്ടി താലൂക്ക് സഭ, ജില്ലാ വികസനസമിതി എന്നിവിടങ്ങളിൽ പരമാവധി ഇടപെടലുകൾ നടത്താൻ എനിക്കും കഴിഞ്ഞിട്ടുണ്ട്.

തൃത്താലയിലെ 23 കുടുംബങ്ങളേക്കുറിച്ചുള്ള മനോരമ വാർത്ത തീർത്തും വ്യത്യസ്തമായ മറ്റൊരു വിഷയമാണ്. ഈ നാട്ടിൽ അടച്ചുറപ്പില്ലാത്ത വീടുകളില്ലാത്തത് 23 പേർക്ക് മാത്രമല്ല, അതിലുമെത്രയോ ഇരട്ടി പേർക്കാണ്. കേരളം മുഴുവൻ അത് തന്നെയാണ് സ്ഥിതി. വ്യക്തികൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിലും എംഎൽഎമാർക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന കാര്യം മൂന്ന് വർഷത്തോളമായി ഈ പദവി വഹിക്കുന്ന താങ്കൾക്ക് അറിയാൻ കഴിയേണ്ടതുണ്ട്. പഞ്ചായത്തുകൾ വഴിയാണ് വീട് നൽകുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കുടുംബശ്രീ വഴി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ ഗ്രാമസഭകളാണ്. ഒരാളെപ്പോലും ഉൾക്കൊള്ളിക്കാനോ വെട്ടിക്കളയാനോ എംഎൽഎക്ക് അധികാരമില്ല. നിലമ്പൂരിൽ നിങ്ങളങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അധികാരദുർവിനിയോഗമാണ്.

ഈപ്പറഞ്ഞ 23 കുടുംബങ്ങൾ താമസിക്കുന്നത് ഭാരതപ്പുഴയുടെ തീരത്ത് കയ്യേറിയ സ്ഥലത്താണ്. ആർക്കും പട്ടയമില്ല. കയ്യേറ്റസ്ഥലങ്ങളും അതിലെ അനധികൃത നിർമ്മാണങ്ങളും, അത് തൃത്താലയിലായാലും കക്കാടംപൊയിലിലായാലും ഒഴിപ്പിക്കുക എന്നതേ സർക്കാർ സംവിധാനങ്ങൾക്ക് ചെയ്യാൻ സാധിക്കൂ. ഈ കുടുംബങ്ങൾക്ക് പകരം ഭൂമി നൽകാനുള്ള നടപടികൾ ചെയ്യേണ്ടത് താങ്കളുടെ പാർട്ടി പതിറ്റാണ്ടുകളായി ഭരിക്കുന്ന പട്ടിത്തറ, തൃത്താല പഞ്ചായത്തുകളാണ്. ഇത്രയും കാലം അത് ചെയ്യാതിരുന്ന അവർ ഇപ്പോൾ ആ ദിശയിൽ പരിശ്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഭവനരഹിതർക്ക് നിങ്ങളുടെ സർക്കാർ കൊണ്ടുവന്ന 'ലൈഫ്' പദ്ധതി ഇതുവരെ വലിയ പരാജയമാണ് എന്നതാണ് യാഥാർത്ഥ്യം. അതിന്റെ പഴി പ്രതിപക്ഷ എംഎൽഎയുടെ തലയിലല്ല ഇടേണ്ടത്.

പിന്നാലെ അന്‍വറിന്‍റെ കുറിപ്പ്...

ശ്രീ.വി.ടി.ബൽറാം,
എത്ര മനോഹരമായാണ് താങ്കൾ അസത്യപ്രചരണം നടത്തുന്നത്‌.ഭവനരഹിതരായ ആ 23 കുടുംബങ്ങളും താമസിക്കുന്നത്‌ തൃത്താല പഞ്ചായത്തിലെ ഒന്നാം വാർഡിലാണ്.വെള്ളിയാംകല്ല്,അഥവാ ഹൈസ്കൂൾ വാർഡ്‌ എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ മെമ്പർ മുസ്ലീം ലീഗിന്റെ ശ്രീമതി പ്രിയയാണ്.ഞാനാണെങ്കിൽ,അവരെയേ കുറ്റം പറയൂ.ഇത്രയും സേവനസന്നദ്ധനായ അങ്ങയുടെ ശ്രദ്ധയിൽ ഈ വിവരം അവർ ഇത്‌ വരെ എത്തിച്ചില്ല എങ്കിൽ അവരുടെ ഭാഗത്താണല്ലോ തെറ്റ്‌.

ഒരു വാർഡ്‌ മെമ്പർ വിചാരിച്ചാൽ 23 കുടുംബങ്ങൾക്ക്‌ പട്ടയം അനുവദിപ്പിക്കാൻ കഴിയില്ല.എന്നാൽ,ഒരു എം.എൽ.എയ്ക്ക്‌ അത്‌ കഴിയും.കുറഞ്ഞ പക്ഷം ഇന്ന് വരെ ഈ വിഷയത്തിൽ ഒരു സബ്മിഷൻ എങ്കിലും അങ്ങ്‌ സഭയിൽ ഉന്നയിച്ചിട്ടുണ്ടോ?വാർഡ്‌ മെമ്പറിന് ഇവരുടെ അവസ്ഥ സഭയിൽ അറിയിക്കാൻ കഴിയില്ല എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ..

താങ്കൾ,താങ്കളുടെ അറിവിന്റെ ഭണ്ഡാരം അഴിച്ചിട്ട്‌ വിശദീകരിച്ചത്‌ പോലെ,അവിടുത്തെ ഉപഭോക്താക്കളെ കണ്ടെത്തേണ്ടത്‌ കുടുംബശ്രീ വഴി സർവ്വേ നടത്തി ഗ്രാമസഭയിൽ അംഗീകരിച്ചാണല്ലോ.സംസ്ഥാന സർക്കാരിനു ഇതിൽ റോളില്ല.ആയതിനാൽ,അടിയന്തരമായി,സ്വന്തം മുന്നണിയിലെ വാർഡ്‌ മെമ്പറെ ബന്ധപ്പെട്ട്‌,ആ പാവങ്ങൾക്ക്‌ സഹായം എത്തിക്കാൻ ശ്രമിക്കണം.അത്‌ ഞങ്ങളുടെ വാർഡല്ല,നിങ്ങളുടെ വാർഡാണെന്ന് പറഞ്ഞ്‌ ഒഴിയുകയല്ല ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം.അങ്ങയെ പോലെ കാര്യ ഗൗരവമുള്ള ആളുകൾ ഇത്തരത്തിൽ പെരുമാറരുത്‌.ഇനിയും സമയമുണ്ട്‌.

എന്റെ പരിമിതമായ അറിവ്‌ വച്ച്‌ അങ്ങയുടെ മണ്ഡലത്തിലെ ഒരു പ്രദേശം ഏത്‌ വാർഡാണെന്ന നിസ്സാരമായ കാര്യം അങ്ങയെ ബോധിപ്പിക്കേണ്ടി വന്നതിൽ,അങ്ങ്‌ ക്ഷമിക്കണം.

കക്കാടം പൊയില്‍ കയ്യേറ്റം നടത്തിയെന്ന് ബല്‍റാമിന്‍റെ ആരോപണത്തിനും അന്‍വര്‍ മറുപടി പറയുന്നുണ്ട്. അവിടെ എന്ത് കയ്യേറ്റമാണ് നടന്നതെന്ന് തെളിയിക്കാന്‍ ബല്‍റാമിനെ ക്ഷണിക്കുന്നതായും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Follow Us:
Download App:
  • android
  • ios